‘ഇവിടെ വരുന്നവര്‍ക്കെല്ലാം നൂറുരൂപ വച്ച് കൊടുക്കുന്നുണ്ടെന്ന് കേട്ടു’ - എന്നത് ശ്രീനിവാസന്‍റെ അതിപ്രശസ്തമായ ഒരു ഡയലോഗാണ്. എന്നാല്‍ വരുന്നവര്‍ക്കെല്ലാം അഞ്ചുലക്ഷം രൂപ വച്ച് കൊടുക്കുന്നുണ്ട് എന്നായാലോ? അതാരാണ് ഇത്രയും വലിയ ഒരു വേദനിക്കുന്ന കോടീശ്വരന്‍ എന്നല്ലേ? തമിഴ് സൂപ്പര്‍സ്റ്റാര്‍ ഇളയദളപതി വിജയ് ആണ് കക്ഷി!
ഏതെങ്കിലും സമരത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കൊന്നുമല്ല വിജയ് അഞ്ച് ലക്ഷം വീതം ഓഫര്‍ ചെയ്തത്. താന്‍ ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളുടെയും നിര്‍മ്മാതാക്കളില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ചുപേര്‍ക്കാണ് അഞ്ച് ലക്ഷം രൂപ വീതം വിജയ് സമ്മാനമായി നല്‍കിയത്.
‘ജില്ല’ എന്ന പുതിയ സിനിമയുടെ ഓഡിയോ റിലീസിനോടനുബന്ധിച്ചാണ് വിജയ് 25 ലക്ഷം രൂപ അഞ്ച് നിര്‍മ്മാതാക്കള്‍ക്കായി വീതിച്ചുനല്‍കിയത്. എം രാജാറാം, സൌന്ദരപാണ്ഡ്യന്‍, ബാലാജി പ്രഭു, ശാന്ത, സി വി രാജേന്ദ്രന്‍ എന്നീ നിര്‍മ്മാതാക്കള്‍ക്കാണ് വിജയ് സമ്മാനം നല്‍കിയത്.
ഈ വിവരം ആരാധകരെ ആവേശം കൊള്ളിക്കുന്നതിനൊപ്പം സമകാലികരായ മറ്റ് ചില താരങ്ങള്‍ക്ക് ഞെട്ടലും സമ്മാനിക്കുകയാണ്. അജിത്തും ഇതുപോലെ നിര്‍മ്മാതാക്കള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനം നല്‍കണമെന്ന ആവശ്യം ഉയരുമോ? കാത്തിരുന്നുകാണാം.