നിത്യവിസ്മയമായ് മോഹന്‍ലാലിന്‍റെ കര്‍ണന്‍ !

Webdunia
ബുധന്‍, 20 ജനുവരി 2016 (16:23 IST)
സുരക്ഷാസംവിധാനങ്ങളില്ലാതെ ട്രപ്പീസ് കളിക്കുന്നതുപോലെയായിരുന്നു മോഹന്‍ലാലിന് ‘കര്‍ണഭാരം’. അത് അങ്ങനെയിങ്ങനെ ആര്‍ക്കും വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു നാടകമായിരുന്നില്ല. ഒന്നാമത് കര്‍ണനിലൂടെ നടത്തുന്ന മഹാഭാരത യാത്ര. ആ കഥാപാത്രത്തിന്‍റെ അന്തഃസംഘര്‍ഷങ്ങള്‍ മുഴുവന്‍ പ്രേക്ഷകരിലേക്ക് എത്തിക്കണം. രണ്ടാമത്, നാടകത്തിന്‍റെ ഭാഷ മലയാളമോ തമിഴോ ഇംഗ്ലീഷോ അല്ല. ദേവഭാഷയായ സംസ്കൃതമാണ്. തനിക്ക് അറിയാത്ത ഒരു ഭാഷയില്‍ കര്‍ണനെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുവിജയിപ്പിക്കുക. അതായിരുന്നു മോഹന്‍ലാലിന് മുമ്പിലുണ്ടായിരുന്ന വെല്ലുവിളി.
 
എന്നാല്‍ മോഹന്‍ലാല്‍ ആ വെല്ലുവിളിയില്‍ വിജയിച്ചു എന്ന് മാത്രമല്ല, സംസ്കൃതത്തിലെ മഹാപണ്ഡിതന്‍‌മാരെപ്പോലും അമ്പരപ്പിച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. നാടകം കണ്ടവര്‍ ആരും പറയില്ല, മോഹന്‍ലാലിന് സംസ്കൃതം അറിയില്ല എന്ന്! അത്രയ്ക്ക് ഉജ്ജ്വലവും അനുപമവുമായിരുന്നു അത്.
 
കാവാലം നാരായണ പണിക്കരുടെ കര്‍ണഭാരം എന്ന സൃഷ്ടി മുംബൈയിലും ഡല്‍ഹിയിലും ഉള്‍പ്പടെ മോഹന്‍ലാല്‍ അവതരിപ്പിച്ചു. സംസ്കൃതം വശമില്ലാത്തവര്‍ പോലും മോഹന്‍ലാലിന്‍റെ നടനവൈഭവം കണ്ട് അത്ഭുതപ്പെട്ടു. ഭാഷയ്ക്കുമപ്പുറം ആ കഥാപാത്രത്തെ മനസ്സോടുചേര്‍ത്ത് കാണികള്‍ ആവേശം കൊള്ളുകയും സങ്കടപ്പെടുകയും ചെയ്തു.
 
അതേ, കര്‍ണന്‍ മോഹന്‍ലാലിന് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ്. അദ്ദേഹത്തിന് ആ കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കര്‍ണനെപ്പറ്റിയുള്ള രണ്ടു സിനിമകള്‍ വരുന്നു. ഒന്നില്‍ പൃഥ്വിരാജും, മറ്റൊന്നില്‍ മമ്മൂട്ടിയും കര്‍ണനാകുന്നു.
 
പൃഥ്വിയുടെയും മമ്മൂട്ടിയുടെയും കര്‍ണാവതാരത്തെപ്പറ്റി വാര്‍ത്തകള്‍ നിറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലല്ലോ മോഹന്‍ലാലിന്‍റെ കര്‍ണനെ. മലയാളത്തിന്‍റെ മഹാനടന്‍റെ ആ വിസ്മയപ്രകടനം ഇനി വരുന്ന എല്ലാ അഭിനേതാക്കള്‍ക്കും കര്‍ണനെ അവതരിപ്പിക്കുന്നതിനുള്ള റഫറന്‍സ് കൂടിയാണ് എന്നതില്‍ സംശയമില്ല.