'നാൻ കടവുൾ' ബാലയുടെ തമിഴ് ചിത്രത്തിൽ മമ്മൂട്ടി?

ചൊവ്വ, 17 നവം‌ബര്‍ 2015 (15:40 IST)
തമിഴകത്തിന്റെ അഭിമാന സംവിധായകനാണ് ബാല. സേതു, പിതാമഹൻ, നന്ദ, നാൻ കടവുൾ തുടങ്ങിയ വമ്പൻ സിനിമകളുടെ സംവിധായകൻ. ബാല അടുത്തതായി ഒരു മൾട്ടി സ്റ്റാർ തമിഴ് ചിത്രം ഒരുക്കുന്നതായാണ് റിപ്പോർട്ടുകൾ. അതിൽ മലയാളത്തിൽ നിന്നും ഒരു സൂപ്പർതാരം അഭിനയിച്ചേക്കുമെന്നും റിപ്പോർട്ട്.
 
മലയാളത്തിൻറെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി ഈ സിനിമയിൽ അഭിനയിച്ചേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തമായ ഒരു റിപ്പോർട്ട് ലഭിച്ചിട്ടില്ല. സമീപകാലത്തെങ്ങും തമിഴകത്തിന്റെ ഭാഗമാകാതിരുന്ന മമ്മൂട്ടി ഈ ബാല ചിത്രത്തിലൂടെ വീണ്ടും തമിഴ് സിനിമയിൽ തരംഗം സൃഷ്ടിക്കുമോ എന്ന് കാത്തിരിക്കുകയാണ് കോളിവുഡ്. ദുൽക്കർ സൽമാൻ 'ഒ കെ കൺമണി'യിലൂടെ തമിഴരുടെ ഹൃദയം കവർന്നതിന് ശേഷം മമ്മൂട്ടിയെയും വീണ്ടും സ്വീകരിക്കാൻ വെമ്പിയിരിക്കുകയാണ് തമിഴ്‌നാട്.
 
വിശാൽ, ആര്യ, അഥർവ, അരവിന്ദ് സ്വാമി, റാണ ദഗ്ഗുബാട്ടി തുടങ്ങിയ വമ്പൻ താരനിര ഈ ബാല ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇളയരാജ ചിത്രത്തിന് സംഗീതം നൽകുമെന്നും വിവരമുണ്ട്.
 
അതേസമയം, ശശികുമാർ - വരലക്ഷ്മി ജോഡി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ഇപ്പോൾ ബാല. എന്തായാലും കോളിവുഡിനൊപ്പം മലയാള പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ബാലയുടെ അടുത്ത ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക