നായയുടെ വായില്‍ കൈയിട്ടു, അനുഷ്കയ്ക്ക് കടിയേറ്റു !

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2012 (15:11 IST)
PRO
അനുഷ്ക ഷെട്ടി എന്ന നായികയെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാ സര്‍ക്കിളില്‍ ഏറ്റവും മാന്യയായ നടി എന്ന അഭിപ്രായമാണ്. താന്‍ വലിയ താരമാണെന്ന ഭാവം ഒരിക്കലും കാണിക്കാത്ത നടി. കോളിവുഡിലെയും ടോളിവുഡിലെയും നമ്പര്‍ വണ്‍ നായികയായ അനുഷ്ക ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

അനുഷ്ക ഷെട്ടിക്ക് മൃഗങ്ങളോടുള്ള സ്നേഹവും പ്രശസ്തമാണ്. കഴിഞ്ഞ ദിവസം ഒരു നായയെ രക്ഷിക്കാന്‍ അനുഷ്ക നടത്തിയ ശ്രമം പക്ഷേ പ്രശ്നമായി. നായയുടെ വായില്‍ കൈയിട്ട അനുഷ്കയ്ക്ക് നായയുടെ കടിയേറ്റു. ഉടന്‍ തന്നെ നടിയെ ആശുപതിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കി.

‘ഇരണ്ടാം ഉലകം’ എന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ് ജോര്‍ജിയയില്‍ നിന്ന് തിരിച്ചെത്തിയ അനുഷ്ക ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു. ആരോ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ടിഷ്യു പേപ്പര്‍ ഒരു നായയുടെ വായയില്‍ കുടുങ്ങിയത് നടി ശ്രദ്ധിച്ചു. ഉടന്‍ തന്നെ അവര്‍ നായയുടെ അടുത്തെത്തി ടിഷ്യു പേപ്പര്‍ പുറത്തെടുക്കാനുള്ള ശ്രമം നടത്തി. അതിന് കഴിയാതെ വന്നപ്പോള്‍ അനുഷ്ക നായയുടെ വായ്ക്കുള്ളിലേക്ക് കൈ കടത്തി.

ടിഷ്യു പേപ്പര്‍ പുറത്തെടുക്കാനായെങ്കിലും അനുഷ്ക ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതി നായ അവരെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ അനുഷ്കയെ ആശുപത്രിയിലേക്ക് മാറ്റി.