വിശാല്‍ നായകനായ തമിഴ് ചിത്രം നാന്‍ സിഗപ്പു മനിതന്‍ സൂപ്പര്‍ ചിത്രമെന്ന അഭിപ്രായമാണ് നേടിയിരിക്കുന്നത്. വിശാലിന്‍റെ തകര്‍പ്പന്‍ പ്രകടനവും ജി വി പ്രകാശിന്‍റെ സംഗീതവും തിരുവിന്‍റെ മികച്ച സംവിധാനവും ചിത്രത്തിന് ഗുണമായി.
നാര്‍കോലെപ്സി എന്ന അപൂര്‍വ രോഗം ബാധിച്ച ഇന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിശാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പെട്ടെന്ന് ഉറങ്ങിപ്പോകുന്ന ഒരുതരം അസുഖമാണിത്. ഇത് ഇന്ദ്രന്‍റെ ജീവിതത്തിലുണ്ടാക്കുന്ന കുഴപ്പങ്ങളും അതിനിടയില്‍ ഒരു പ്രണയവും അതിനുവേണ്ടിയുള്ള സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
മീര എന്ന നായികയായി ലക്ഷ്മി മേനോന്‍ തിളങ്ങുന്നു. ഇന്ദ്രന് ഒരു വിവാഹജീവിതം വിജയകരമായി നയിക്കാനാവില്ലെന്ന് മീരയുടെ പിതാവ് (ജെ പി) സംശയിക്കുന്നു. എന്നാല്‍ മീര അത്തരം ചിന്തകളെയെല്ലാം അതിജീവിച്ച് ഇന്ദ്രനുമായുള്ള പ്രണയത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ അപ്രതീക്ഷിതമായ ഇന്ദ്രന്‍ ഉറങ്ങിപ്പോകുന്ന ഒരു സാഹചര്യത്തില്‍ ഒരുസംഘം ആളുകളാല്‍ മീര ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. കുറ്റവാളികളെ ഇന്ദ്രന്‍ എങ്ങനെ നേരിടുന്നു എന്നതിന്‍റെ ത്രില്ലടിപ്പിക്കുന്ന ആവിഷ്കാരമാണ് പിന്നീട്.
വിശാലിന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഈ സിനിമയിലേത്. ജി വി പ്രകാശിന്‍റെ ഗാനങ്ങള്‍ സുന്ദരങ്ങളാണ്. ‘യേലേലോ...’ എന്ന ഗാനം കൂടുതല്‍ മികച്ചുനില്‍ക്കുന്നു.