നയന്‍സ് നേരത്തേ ഔട്ട്, താനും ഇല്ലെന്ന് ത്രിഷ!

Webdunia
വ്യാഴം, 10 മാര്‍ച്ച് 2011 (17:36 IST)
PRO
പ്രിയങ്ക ചോപ്രയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ചിത്രമാണ് ‘ഫാഷന്‍’. ആ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചിട്ട് കാലം കുറേയായി. ഗ്ലാമറിന് പരിധികളില്ലാത്ത ആ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് നയന്‍‌താരയെയാണ്. എന്നാല്‍ പ്രഭുദേവയുമായുള്ള വിവാഹം ഉടനെയുണ്ടാകുമെന്നതിനാല്‍ നയന്‍‌സിനെ ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ ആദ്യമേ തീരുമാനമെടുത്തു.

ത്രിഷയെയാണ് പിന്നീട് ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി സമീപിച്ചത്. ത്രിഷ ആ സിനിമ സ്വീകരിച്ചതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ ത്രിഷ പറയുന്നത് ഫാഷനില്‍ താന്‍ അഭിനയിക്കുന്നില്ല എന്നാണ്.

“ഞാന്‍ ഫാഷന്‍റെ റീമേക്കില്‍ അഭിനയിക്കുന്നില്ല.” - ത്രിഷ വ്യക്തമാക്കി. മാത്രമല്ല, താന്‍ ഇപ്പോള്‍ ഒരു ഹിന്ദി സിനിമയിലും അഭിനയിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ത്രിഷ പറയുന്നു. പ്രിയദര്‍ശന്‍റെ ‘ഖട്ടാ മീട്ടാ’ എന്ന സിനിമയിലൂടെയാണ് ത്രിഷ ഹിന്ദി സിനിമയില്‍ അരങ്ങേറിയത്. ആ സിനിമ തകര്‍ന്നതോടെ ത്രിഷയുടെ ബോളിവുഡ് അഭിനിവേശവും അവസാനിച്ചു.

ഇപ്പോള്‍ ഒരു തമിഴ് ചിത്രവും തെലുങ്ക് ചിത്രവുമാ‍ണ് ത്രിഷ ചെയ്തുകൊണ്ടിരിക്കുന്നത്. അജിത്തിന്‍റെ അമ്പതാം ചിത്രമായ മങ്കാത്തയിലെ നായികയാണ് ത്രിഷ. ‘തീന്‍ മാര്‍’ എന്ന തെലുങ്ക് ചിത്രത്തില്‍ പവന്‍ കല്യാണിന്‍റെ നായികയായും ത്രിഷ വേഷമിടുന്നു.

തന്നെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി മുതല്‍ സ്വീകരിക്കുകയുള്ളൂ എന്നാണ് ത്രിഷ പറയുന്നത്. ഫാഷനിലെ കഥാപാത്രം എന്തുകൊണ്ടാണ് ത്രിഷയെ അതിശയിപ്പിക്കാത്തത് എന്ന കാരണം അന്വേഷിക്കുകയാണ് കോടമ്പാക്കം സിനിമാപണ്ഡിതര്‍.