നയന്‍താരയും തമന്നയും അടക്കമുള്ള തമിഴിലെ മുന്‍നിര നായികമാര്‍ നന്ദികേട് കാണിക്കുന്നു എന്ന ആരോപണവുമായി പ്രമുഖ തമിഴ് സംവിധായകന്‍ ലിംഗുസാമി രംഗത്ത്. നായികമാര്‍ക്ക് തലക്കനം കൂടുതലാണെന്നാണ് ലിംഗുസാമി പരാതിപ്പെടുന്നത്.
തന്‍റെ പുതിയ സിനിമയായ ‘വേട്ടൈ’യിലെ നായികയ്ക്കായി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ലിംഗുസാമി നയന്‍സിനും തമന്നയ്ക്കുമെതിരെ രംഗത്തെത്തിയത്. തലക്കനവും നന്ദികേടുമുള്ള നായികമാര്‍ തന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ വന്‍ പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് ലിംഗുസാമി പറയുന്നു.
“ഞാന്‍ സംവിധാനം ചെയ്ത പയ്യയില്‍ ആദ്യം നായികയായി നിശ്ചയിച്ചത് നയന്‍താരയെയായിരുന്നു. എന്നാല്‍ അവര്‍ കനത്ത പ്രതിഫലമാണ് ചോദിച്ചത്. അപ്പോള്‍ ഞാന്‍ പയ്യയില്‍ തമന്നയെ നായികയാക്കി. ഇപ്പോള്‍ നയന്‍താരയുടെ പാതയില്‍ തന്നെയാണ് തമന്നയും” - ലിംഗുസാമി വ്യക്തമാക്കി.
“വേട്ടൈയില്‍ നായികയാകാന്‍ തമന്നയെ സമീപിച്ചു. എന്നാല്‍ അവര്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു. അങ്ങനെയാണ് അമലാ പോളിനെ വേട്ടൈയില്‍ നായികയാക്കിയത്. വിചാരിച്ച നായികയെ കിട്ടിയില്ലെങ്കില്‍ കിട്ടുന്ന നായികയെ നോക്കും” - ലിംഗുസാമി പറയുന്നു.
ആനന്ദം, റണ്‍, ചണ്ടക്കോഴി, ഭീമ, ജി, പയ്യ തുടങ്ങിയ ഹിറ്റുകളുടെ സംവിധായകനാണ് ലിംഗുസാമി. പുതിയ സിനിമയായ വേട്ടൈയില്‍ ആര്യയും മാധവനുമാണ് നായകന്‍മാര്‍.