പ്രണയച്ചൂടില്‍ ഉരുകുന്ന നയന്‍താരയെ കാളഹസ്തി ക്ഷേത്രത്തിലെ ശിവഭഗവാന്‍ രക്ഷിക്കുമോ? കാളഹസ്തി ക്ഷേത്രം സന്ദര്‍ശിച്ച് ദര്‍ശനവും പൂജയും നടത്തിയാല്‍ ആഗ്രഹിക്കുന്നത് എന്തും നടക്കുമെന്നാണ് വിശ്വാസം. റംലത്തില്‍ നിന്ന് പ്രഭുദേവയെ പറിച്ചെടുക്കാന്‍ തന്നെ ശിവന്‍ സഹായിക്കുമെന്ന് കരുതിയാകണം കഴിഞ്ഞ ദിവസം നയന്‍താര ആന്ധ്രാപ്രദേശിലെ കാളഹസ്തിയിലുള്ള ശിവക്ഷേത്രം സന്ദര്‍ശിച്ചത്.
അഹിന്ദുകള്‍ക്ക് പ്രവേശനമില്ല എന്ന് ക്ഷേത്രത്തിന്റെ മുന്നില്‍ തന്നെ എഴുതിവച്ചിട്ടുണ്ടെങ്കിലും ക്നാനായ ക്രിസ്ത്യാനിയായ ഡയാനാ മറിയം കുര്യനെന്ന നയന്‍താരയെ ക്ഷേത്രഭാരവാഹികള്‍ അത്യാദരങ്ങളോടെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. നയന്‍താര ക്രിസ്ത്യന്‍ മതം ഉപേക്ഷിച്ച് ഹിന്ദു മതവിശ്വാസം സ്വീകരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാലിത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും കാളഹസ്തി ക്ഷേത്രത്തില്‍ പൂജ ചെയ്യുമ്പോള്‍ പ്രഭുദേവയും നയന്‍താരയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരെയും ഒന്നിച്ച് കണ്ടതോടെ ക്ഷേത്രത്തില്‍ ആളുകളുടെ തിക്കും തിരക്കും ആരംഭിച്ചു.
പ്രഭുദേവയും നയന്‍താരയും ഒരുമിച്ച് കറങ്ങുന്നതിനെതിരെ പ്രഭുദേവയുടെ ഭാര്യ റംലത്ത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പോരാത്തതിന് റംലത്ത് നയന്‍ - പ്രഭുദേവ ബന്ധത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതുകൊണ്ടാവണം, ഹൈദരാബാദില്‍ നിന്ന് പ്രഭുദേവയും നയന്‍താരയും ഒറ്റയ്ക്കൊറ്റയ്ക്കാണ് കാളഹസ്തിയില്‍ എത്തിയത്. എന്നാല്‍ ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്തത് ഇരുവരും ഒരുമിച്ചാണ്. നീണ്ട നേരം ഇരുവരും ഭഗവാന്റെ സന്നിധിയില്‍ കൂപ്പുകൈകളോടെ നിന്നുവെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള ബന്ധം ‘കള്ളക്കാതല്‍’ (വിവാഹേതരബന്ധം) ആണെന്നും കള്ളക്കാതലിന് ശിവനെന്നല്ല ഒരു ദൈവവും പിന്തുണ നല്‍കില്ലെന്നും തമിഴ്നാട്ടിലെ സ്ത്രീ സംഘടനകള്‍ പ്രതികരിച്ചു. നയന്‍താരയ്ക്കെതിരെ കൂടുതല്‍ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുകയാണ് തമിഴ് സ്ത്രീ സംഘടനകള്‍.