‘ദൃശ്യം’ സിനിമ കോപ്പിയടിയല്ലെന്ന് കോടതി. ചിത്രം തന്‍റെ നോവലിന്‍റെ കോപ്പിയാണെന്ന ആരോപണമുയര്‍ത്തി സതീഷ് പോള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ദൃശ്യത്തില്‍ ഒരു പകര്‍പ്പവകാശനിയമവും ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
സതീഷ് പോളിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്ന് ദൃശ്യത്തിന്‍റെ സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു. തന്‍റെ ‘ഒരു മഴക്കാലത്ത്’ എന്ന നോവലിന്‍റെ കോപ്പിയാണ് ദൃശ്യം എന്നായിരുന്നു സതീഷ് പോളിന്‍റെ ആരോപണം.
‘ഫിംഗര്‍ പ്രിന്‍റ്’ എന്ന മലയാളം ത്രില്ലറിന്‍റെ സംവിധായകന്‍ കൂടിയാണ് സതീഷ് പോള്‍. ദൃശ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഒരു മഴക്കാലത്തിന്റെ കഥ ചര്‍ച്ച ചെയ്തിരുന്നെന്ന് സതീഷ് പോള്‍ ഹര്‍ജിയില്‍ പറയുന്നു.
മലയാളത്തില്‍ സമാനമായ കഥയുമായി ദൃശ്യം ഇറങ്ങിയതോടെ 'ഒരു ചെന്നൈ ക്രൈം സ്റ്റോറി’ എന്ന പേരില്‍ തമിഴില്‍ ഒരു മഴക്കാലത്ത് ഷൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ദൃശ്യം സിനിമയുടെ തമിഴ് പതിപ്പ് പ്രഖ്യാപിച്ചതെന്നും അതിനാലാണ് കോപ്പി റൈറ്റ് ലംഘനത്തിനെതിരെ നിയമനടപടിക്കൊരുങ്ങിയതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു.
ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശം റിലീസിന് തയ്യാറാകുകയാണ്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഗൌതമിയാണ് നായിക.