ദിലീപുമായുള്ള ഗോസിപ്പിനെപ്പറ്റി കാവ്യ പറഞ്ഞു - "ഞാനും മഞ്ജുച്ചേച്ചിയും എപ്പോഴും ഇത് പറഞ്ഞ് ചിരിക്കാറുണ്ട്" !

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (17:19 IST)
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നതോടെ ഏറെക്കാലമായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പലതവണ ദിലീപ് - കാവ്യ ബന്ധത്തേക്കുറിച്ച് എഴുതിയപ്പോഴൊക്കെ അത് നിഷേധിച്ച് ദിലീപും കാവ്യയും രംഗത്ത് വന്നിരുന്നു.
 
കാവ്യയുടെ ആദ്യ വിവാഹബന്ധം തകര്‍ന്നതിന് ശേഷം ഒരു മാധ്യമത്തിന് കാവ്യ നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദിലീപും മഞ്ജുവാര്യരും നല്‍കിയ പിന്തുണയാണ് തനിക്ക് ഏറ്റവും ആശ്വാസമായതെന്നാണ് കാവ്യ ആ അഭിമുഖത്തില്‍ പറയുന്നത്. മഞ്ജുവാര്യര്‍ അന്നു നല്‍കിയ പിന്തുണയാണ് തന്നെ ഇപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും കാവ്യ പറയുന്നു. 
 
ഒരു പ്രമുഖ മാഗസിനാണ് കാവ്യ അഭിമുഖം നല്‍കിയത്. ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു:
 
“എന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ആദ്യം തൊട്ടേ അറിഞ്ഞിരുന്ന ആളാണ് മഞ്ജുച്ചേച്ചി. ഒരുപാടുപേര്‍ നേരിട്ട് വന്നും വിളിച്ചും എന്നെ സമാധാനിപ്പിച്ചു. എന്നാല്‍ എനിക്ക് ഏറ്റവും ആശ്വാസം നല്‍കിയത് ദിലീപേട്ടന്‍റെയും മഞ്ജുച്ചേച്ചിയുടെയും പിന്തുണയാണ്. അവര്‍ രണ്ടുപേരും എനിക്കു മാത്രമല്ല എന്‍റെ അച്ഛനമ്മമാര്‍ക്കും ആശ്വാസമായിരുന്നു” 
 
“എന്നെ മനസ്സിലാക്കിയിട്ടുള്ള ഒരാളെന്ന നിലയില്‍ മഞ്ജുച്ചേച്ചിക്ക് എന്‍റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഞാന്‍ എപ്പോഴും കാണുകയും വിളിക്കുകയും ചെയ്യുന്ന ഒരാളാണ് മഞ്ജുച്ചേച്ചി. സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്ത് കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് മഞ്ജുച്ചേച്ചി അഭിനയം മതിയാക്കിയത്. പക്ഷേ, അത് സഹിക്കാന്‍ പറ്റാത്ത കുറേ ആള്‍ക്കാരുണ്ട്. എങ്ങനെയെങ്കിലും അവരുടെ ജീവിതം കുഴപ്പത്തിലാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍. ഞാനും മഞ്ജുച്ചേച്ചിയും എപ്പോഴും ഇത് പറഞ്ഞ് ചിരിക്കാറുണ്ട്”  
 
“ഞാനും ദിലീപേട്ടനും ഒന്നിച്ച് അഭിനയിച്ച മിക്ക സിനിമകളും ഹിറ്റായിരുന്നു. അത് സിനിമയിലെ കഥാപാത്രങ്ങളുടെ ചേര്‍ച്ച കൊണ്ടാണ്. അല്ലാതെ ദിലീപും കാവ്യയും തമ്മിലുള്ള ചേര്‍ച്ച കൊണ്ടല്ല. എന്‍റെ കുടുംബത്തിലെ കുട്ടികള്‍ പോലും ധരിച്ചുവച്ചിരിക്കുന്നത് ഞാന്‍ ദിലീപേട്ടന്‍റെ കൂടെ മാത്രമേ അഭിനയിക്കൂ എന്നാണ്” 
Next Article