തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ഡാന്‍സ് കളിക്കേണ്ടെന്ന് എല്ലാവരും പറഞ്ഞു, അത് ചെവിക്കൊള്ളാതെ മെഗാസ്റ്റാര്‍ !

Webdunia
ബുധന്‍, 12 ഒക്‌ടോബര്‍ 2016 (16:33 IST)
‘ചില്‍ ചിഞ്ചിലമായ്’ എന്ന ഗാനരംഗത്ത് മമ്മൂട്ടി തകര്‍ത്ത് ഡാന്‍സ് ചെയ്യുകയാണ്. തോപ്പില്‍ ജോപ്പനിലേതാണ് രംഗം. കൂട്ടുകാരായ അലന്‍സിയറും സോഹന്‍ സീനുലാലും പാഷാണം ഷാജിയുമെല്ലാം ജോപ്പന്‍ ഡാന്‍സ് കളിക്കേണ്ടെന്ന് വിലക്കുന്നുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ ജോപ്പന്‍ നായിക മം‌മ്തയ്ക്കൊപ്പം ആടിപ്പാടുകയാണ്.
 
ഈ ഗാനരംഗം ഇപ്പോള്‍ യൂട്യൂബില്‍ തരംഗം തീര്‍ക്കുകയാണ്. ചിത്രം മെഗാഹിറ്റായതോടെ വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ‘ഇതാണ് കാവ്യനായകന്‍...’ എന്ന തീം സോംഗ് നേരത്തേ സൂപ്പര്‍ഹിറ്റായിരുന്നു. ‘ചില്‍ ചിഞ്ചിലമായ്’ എന്ന ഗാനരംഗം പൂര്‍ണമായും മഴയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണനും ശ്വേത മോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
 
കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതോടെ അണിയറപ്രവര്‍ത്തകര്‍ പോലും അമ്പരക്കുന്ന രീതിയിലുള്ള വിജയമാണ് ജോപ്പന് ഉണ്ടാകുന്നത്. ആറുകോടി മുതല്‍ മുടക്കിലൊരുങ്ങിയ തോപ്പില്‍ ജോപ്പന്‍ 10 കോടി കളക്ഷനിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. 
 
ചിത്രത്തില്‍ ഒരു ദ്വയാര്‍ത്ഥ പ്രയോഗമില്ല. കുടുംബപ്രേക്ഷകരുടെ നെറ്റിചുളിക്കുന്ന ഐറ്റം ഡാന്‍സില്ല. ലളിതമായ കഥയും നല്ല നര്‍മ്മവും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് തോപ്പില്‍ ജോപ്പന് ഗുണമായത്. ഇതിന്‍റെ ക്രെഡിറ്റ് സംവിധായകനായ ജോണി ആന്‍റണിക്കും തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്കും അവകാശപ്പെട്ടതാണ്.
 
മമ്മൂട്ടിയുടെ ജോപ്പന്‍ അച്ചായന്‍, സ്നേഹത്തിന്‍റെയും തമാശയുടെയും കാര്യത്തില്‍ മമ്മൂട്ടിയുടെ മറ്റ് അച്ചായന്‍ കഥാപാത്രങ്ങളെ കടത്തിവെട്ടുകയാണ്. സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ ഫുള്‍ ഫോമില്‍ തിരിച്ചെത്തി എന്നതും തോപ്പില്‍ ജോപ്പനെ മഹാവിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
Next Article