വിക്രമാദിത്യന്! കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു ഈ സിനിമ. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രമായി ഉണ്ണി മുകുന്ദനും ആദിയായി ദുല്‍ക്കര്‍ സല്‍മാനും തകര്‍ത്തഭിനയിച്ചു.
ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, വിക്രമാദിത്യന് രണ്ടാം ഭാഗം ആലോചിക്കുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു.
സുഹൃത്തുക്കളായിരിക്കുമ്പോഴും പരസ്പരം മത്സരിക്കുകയും തല്ലുകൂടുകയും അഗാധമായി സ്നേഹിക്കുകയും ചെയ്യുന്ന രണ്ടുപേരുടെ കഥയായിരുന്നു വിക്രമാദിത്യനിലൂടെ ലാല്‍ ജോസ് പറഞ്ഞത്. രണ്ടുപേരും ജീവിതത്തില്‍ വിജയിക്കുന്നിടത്ത് സിനിമ തീരുന്നു. ഇരുവരും തമ്മിലുള്ള മത്സരം തുടരുമെന്ന സൂചന തന്നുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
നമിത പ്രമോദ് നായികയായ ചിത്രത്തില്‍ അനൂപ് മേനോനും ലെനയും ഗംഭീര പ്രകടനമാണ് നടത്തിയത്. നിവിന്‍ പോളി അതിഥിവേഷത്തില്‍ തിളങ്ങി. നായകന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി പരാജയം നേരിട്ട ഉണ്ണി മുകുന്ദന് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു വിക്രമാദിത്യന്‍റെ വിജയം.