അനൂപ് മേനോന്‍ എവിടെയുണ്ടോ അവിടെ ജയസൂര്യയുമുണ്ട്. ജയസൂര്യ എവിടെയുണ്ടെന്നറിയാന്‍ അനൂപിനെ വിളിച്ചാല്‍ മതി. അനൂപ് എന്താണിനി ചെയ്യാന്‍ പോകുന്നതെന്ന് ജയസൂര്യയോട് ചോദിച്ചാല്‍ മതിയാകും. മലയാള സിനിമയില്‍ ഈ ‘ഇരട്ടകള്‍’ നിറഞ്ഞുനില്‍ക്കുകയാണ്. നല്ല സിനിമകള്‍ ചെയ്യാനായി ഒത്തുചേര്‍ന്ന അപൂര്‍വ സൌഹൃദം.
ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും കഴിഞ്ഞു, ഇനി ഏതാണ് ഈ കൂട്ടുകെട്ടിന്‍റേതായി വരുന്ന സിനിമ എന്നറിയാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് ആ വാര്‍ത്ത എത്തുകയാണ്. ഇവര്‍ വീണ്ടും വരുന്നു, ഒരു കോമഡി ത്രില്ലറുമായി.
അനൂപ് മേനോന്‍ തിരക്കഥയെഴുതി, അനൂപും ജയസൂര്യയും നായകന്‍മാരാകുന്ന പുതിയ ചിത്രത്തിന് പേര് ‘ഡേവിഡ് ആന്‍റ് ഗോലിയാത്ത്’. രാജീവ് നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. “ഇതൊരു കോമഡി ത്രില്ലറാണ്. രണ്ട് മനുഷ്യര്‍, ഒരാള്‍ വളരെ പവര്‍ഫുളാണ്. മറ്റേയാള്‍ അടിസ്ഥാനപരമായി ദുര്‍ബലനും. ഇവരേക്കുറിച്ചാണ് സിനിമ” - അനൂപ് മേനോന്‍ വ്യക്തമാക്കി.
രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ആദ്യ കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറായിരിക്കും ഡേവിഡ് ആന്‍റ് ഗോലിയാത്ത്. മോക്ഷം, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയ തിരക്കഥകള്‍ അനൂപ് മേനോന്‍ മുമ്പ് രാജീവ് നാഥിനുവേണ്ടി രചിച്ചിട്ടുണ്ട്. ഡേവിഡ് ആന്‍റ് ഗോലിയാത്ത് കഴിഞ്ഞാല്‍ ‘ഒരു ന്യൂയോര്‍ക്ക് സായാഹ്‌നം’ എന്നൊരു സിനിമയും രാജീവ് നാഥ് - അനൂപ് മേനോന്‍ ടീമിന്‍റേതായി സംഭവിക്കും. അത് അടുത്ത വര്‍ഷം ഏപ്രിലിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.