ട്വന്‍റി20 തമിഴ് റീമേക്ക്, താരങ്ങള്‍ക്കൊപ്പം നമ്മുടെ ലാലേട്ടനും!

Webdunia
തിങ്കള്‍, 7 ഏപ്രില്‍ 2014 (13:14 IST)
PRO
മലയാളത്തിന്‍റെ സ്വന്തം ‘ട്വന്‍റി20’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. അജിത്, വിജയ്, സൂര്യ, വിക്രം, ചിമ്പു, ധനുഷ് എന്നിവര്‍ ഒന്നിക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രമായി എത്തും.

‘ജില്ല’ എന്ന സിനിമയോടെ എന്താണ് മോഹന്‍ലാലിന്‍റെ താരമൂല്യമെന്ന് തിരിച്ചറിഞ്ഞ തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ ഈ പ്രൊജക്ടില്‍ മോഹന്‍ലാലും വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നുവത്രേ. മലയാളം ട്വന്‍റി20യില്‍ നിന്ന് മോഹന്‍ലാല്‍ മാത്രമല്ല തമിഴ് ട്വന്‍റി20യില്‍ എത്താന്‍ പോകുന്നത്. ട്വന്‍റി20യില്‍ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട നയന്‍‌താര തമിഴ് റീമേക്കില്‍ നായികാസ്ഥാനത്തേക്കാണ് പരിഗണിക്കപ്പെടുന്നത്.

ഒരു ഗാനരംഗത്ത് രജനീകാന്തിനെയും കമല്‍ഹാസനെയും ഉള്‍പ്പെടുത്താനും അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ടത്രേ. തമിഴകത്തെ ഒരു വമ്പന്‍ സംവിധായകനാണ് ട്വന്‍റി20 തമിഴ് റീമേക്ക് ഒരുക്കുന്നത്.

ജോഷി സംവിധാനം ചെയ്ത മലയാളം ട്വന്‍റി20യില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു നായകന്‍‌മാര്‍. ഭാവനയായിരുന്നു നായിക. ദിലീപാണ് ചിത്രം നിര്‍മ്മിച്ചത്.