ജയറാമിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ‘കാശ്മീര്‍’ എന്ന് പേരിട്ടതായി മലയാളം വെബ്ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ആ സിനിമയെക്കുറിച്ച് ജയറാമും പല അഭിമുഖങ്ങളിലും പരാമര്‍ശിക്കുകയുണ്ടായി. കൂടുതല്‍ ഭാഗവും കാശ്മീരില്‍ ചിത്രീകരിക്കുന്ന ഒരു ബിഗ് ബജറ്റ് ആക്ഷന്‍ സിനിമയായാണ് ജോഷി കാശ്മീര്‍ ഒരുക്കുന്നത്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
ഈ പ്രൊജക്ടിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിക്കുന്നു. സുരേഷ്ഗോപി ഈ സിനിമയുടെ ഭാഗമാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജയറാമിനൊപ്പം സുരേഷ്ഗോപിയും കശ്മീരിലെ നായകനാകുകയാണോ അതോ ജയറാമിന് പകരം സുരേഷ്ഗോപിയെ നായകനാക്കുകയാണോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. (ജയറാമിനെ നായകനാക്കി ‘പനമ്പള്ളി നഗര്‍’ എന്നൊരു പ്രൊജക്ട് ജോഷി ചെയ്യുന്നുണ്ട്. കലൂര്‍ ഡെന്നിസ് ഇതിന്റെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കാശ്മീരില്‍ ജയറാമിന് പകരം സുരേഷ്ഗോപിയെ തെരഞ്ഞെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്).
കാശ്മീരില്‍ അഭിനയിക്കാന്‍ ഒരു കോടി രൂപയാണ് സുരേഷ്ഗോപിയുടെ പ്രതിഫലം എന്നതാണ് മറ്റൊരു വിശേഷം. മലയാള സിനിമയില്‍ സുരേഷ് ഗോപി ഇപ്പോള്‍ സജീവമല്ല. ‘കോടീശ്വരന്’ എന്ന ടെലിവിഷന്‍ പരിപാടിക്കായി തന്റെ മുഴുവന്‍ സമയവും നീക്കിവച്ചിരിക്കുകയാണ് താരം. അതിനിടെ ഷങ്കറിന്റെ തമിഴ് ചിത്രം ‘ഐ’യില്‍ ഒരു ഗംഭീര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
മലയാളം സിനിമകള്‍ക്കായി സമീപിക്കുന്നവരോട് സുരേഷ്ഗോപി ഒരുകോടി രൂപ പ്രതിഫലം ചോദിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അടുത്തിടെ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ വേണ്ടി സംവിധായകന് താരത്തെ സമീപിച്ചപ്പോഴും പ്രതിഫലം ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടത്രേ. അതുകൊണ്ടുതന്നെ ആ സംവിധായകന് സുരേഷ്ഗോപിയെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും കാശ്മീരില്‍ അഭിനയിക്കുന്നതിന് ഒരുകോടി രൂപ പ്രതിഫലത്തിന് സുരേഷ്ഗോപി കരാറായി എന്നാണ് അറിയാന്‍ കഴിയുന്നത്.
വാല്‍ക്കഷണം: മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. ഒന്നേമുക്കാല്‍ കോടി രൂപയാണ് ലാലിന്റെ പ്രതിഫലം. മമ്മൂട്ടി ഒന്നരക്കോടി വരെ വാങ്ങുന്നു. ദിലീപിന് 1.10 കോടിയാണ് പ്രതിഫലത്തുക.