ജോണിന് ദേഷ്യം അടക്കാന്‍ വയ്യ!

Webdunia
ശനി, 21 ഫെബ്രുവരി 2009 (12:10 IST)
ബോളിവുഡ് താരങ്ങളായ ജോണ്‍ ഏബ്രഹാമും അജയ് ദേവ്‌ഗണും തമ്മിലുള്ള ശീത സമരം ആരംഭിച്ചിട്ട് കുറേക്കാലമായെന്നാണ് ഗോസിപ് വീരന്‍‌മാര്‍ പറയുന്നത്. ഇരുവരും തമ്മില്‍ ഒരു അപ്രഖ്യാപിത മത്സരം തന്നെ നിലനില്‍ക്കുന്നുണ്ടത്രേ. ഇപ്പോഴിതാ ഇരുവരെയും ചുറ്റിപ്പറ്റി പുതിയ ചില സംഭവവികാസങ്ങള്‍ അരങ്ങേറിയിരിക്കുന്നു.

മിലാന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന സിനിമകളാണ് ജോണിനും അജയ് ദേവ്ഗണിനും ഇപ്പോള്‍ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. ഏക്താ കപൂറിന്‍റെ നിര്‍മ്മാണത്തില്‍ മിലാന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ‘വണ്‍സ് അപോണ്‍ എ ടൈം’ എന്ന ചിത്രത്തില്‍ അജയ് ദേവ്‌ഗണാണ് നായകന്‍. ചിത്രത്തില്‍ ഹാജി മസ്താനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായാണ് അജയ് വരുന്നത്. ചിത്രീകരണം ആരംഭിച്ചപ്പോഴേക്കും ഈ സിനിമ വാര്‍ത്തകളില്‍ ഇടം പിടിച്ചു. എന്നാല്‍ ചില സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഇടയ്ക്ക് വച്ച് ഈ സിനിമയുടെ ചിത്രീകരണം നിര്‍ത്തേണ്ടി വന്നു.

ആ സിനിമ നിന്നപ്പോള്‍ മിലാന്‍ ലുത്രിയ തന്‍റെ പുതിയ ചിത്രത്തിന്‍റെ തിരക്കഥാരചനയിലേക്ക് കടന്നു. പുതിയ സിനിമയില്‍ ജോണ്‍ ഏബ്രഹാമായിരുന്നു നായകന്‍. കഥ ഇഷ്ടപ്പെട്ട ജോണ്‍ താന്‍ തന്നെ ഇത് നിര്‍മ്മിക്കാമെന്നും ലുത്രിയയ്ക്ക് വാക്കു കൊടുത്തു. ചിത്രീകരണം തുടങ്ങുകയും ചെയ്തു. അപ്പോഴാണ് പുതിയ പ്രശ്നം ഉണ്ടായത്.

‘വണ്‍സ് അപോണ്‍ എ ടൈം’ എന്ന സിനിമയ്ക്ക് ഉണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ച് നിര്‍മ്മാതാവ് വീണ്ടും ചിത്രീകരണം ആരംഭിക്കണം എന്ന ആവശ്യവുമായി എത്തി. ഇതു കേള്‍ക്കേണ്ട താമസം, ജോണിന്‍റെ ചിത്രം പാതിവഴിയിലിട്ട് അജയ് ദേവ്ഗണിന്‍റെ ചിത്രം ചെയ്യാനായി ലുത്രിയ പോയി. ആപത്ത് സമയത്ത് സഹായിച്ച തന്നെ മറന്ന് അജയ് ചിത്രം പൂര്‍ത്തിയാക്കാന്‍ പോയ ലുത്രിയയോടും ഇപ്പോള്‍ ദേഷ്യത്തിലാണ് ജോണ്‍. പണ്ടേ അജയിനോട് അത്ര രസത്തിലല്ലല്ലോ കക്ഷി.

എന്നാല്‍ ജോണിനെയും അജയിനെയും കൈവിടാന്‍ വയ്യെന്ന ധര്‍മ്മസങ്കടത്തിലാണ് മിലാന്‍ ലുത്രിയ. ലുത്രിയയുടെ ഹാട്രിക്, ടാക്സി നമ്പര്‍ 9211 എന്നീ ചിത്രങ്ങളില്‍ ജോണായിരുന്നു നായകന്‍. അജയ് ദേവ്ഗണിനെ നായകനാക്കി ചോരി ചോരി, കച്ഛേ ദാഗേ എന്നീ സിനിമകളും മുന്‍‌പ് ലുത്രിയ സംവിധാനം ചെയ്തിട്ടുണ്ട്.