ജെ. സി. ഡാനിയേലിനെ തിരസ്കരിച്ചത് കെ. കരുണാകരനും മലയാറ്റൂര്‍ രാമകൃഷ്ണനുമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ശബ്ദരേഖയാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ആകാശവാണിക്കു വേണ്ടി റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയാണിത്. ജെ. സി. ഡാനിയേലിനെ മലയാളസിനിമയുടെ പിതാവായി അംഗീകരിക്കാന്‍ മലയാറ്റൂരും കരുണാകരനും വിസമ്മതിച്ചുവെന്ന വെളിപ്പെടുത്തല്‍ ഇതില്‍ ആവര്‍ത്തിക്കുന്നു. ടി. ആര്‍. സുന്ദരത്തെ മലയാള സിനിമയുടെ പിതാവായി രേഖപ്പെടുത്തണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. എന്നാല്‍ 1930ല്‍ റിലീസായ വിഗതകുമാരനാണ് ആദ്യ മലയാളസിനിമയെന്നും 1938-ല്‍ റിലീസായ ബാലനെ ആദ്യ സിനിമയായി അംഗീകരിക്കാനാവില്ലെന്നും ചേലങ്ങാട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ ജെ. സി. ഡാനിയേലിന്റെ ജീവിതകഥ പറയുന്ന കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്‌ഡ്’ സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവിലെത്തി.
ഇതിനിടെ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെ മോശം പരമാര്‍ശമുണ്ടെന്ന് ആരോപിച്ച് സെല്ലുലോയ്ഡ് സിനിമയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സെല്ലുലോയ്ഡ് സിനിമ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി ഷേണായിസ് തിയേറ്റിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. തിയേറ്ററിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം തടസപ്പെടുത്തി. പ്രൊജക്ടര്‍ റൂമിലും കയറി പ്രതിഷേധിച്ച ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പ്രദര്‍ശനം തുടര്‍ന്നു. ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് കൈരളി തീയറ്റര്‍ ഉപരോധിച്ചു. കരുണാകരന്‍ അനുസ്മരണസമിതിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. തുടര്‍ന്ന് സംവിധായകന്‍ കമലിന്‍റെ കോലം കത്തിച്ചു. വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിക്കുംവരെ സമരം നടത്തുമെന്ന് അനുസ്മരണസമിതി നേതാക്കള്‍ പറഞ്ഞു. ഉപരോധശേഷം പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ തീയറ്ററിനുപരിസരത്തുണ്ടായിരുന്ന സെല്ലൂലോയ്ഡിന്‍റെ പോസ്റ്ററുകള്‍ വലിച്ചുകീറി.
കരുണാകരന്‍റെ പേര് വലിച്ചിഴച്ച് സിനിമയുടെ പ്രചാരണം നടത്താനുള്ള സംവിധായകന്‍ കമലിന്‍റെ ശ്രമം വിലകുറഞ്ഞ നടപടിയായിപ്പോയെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്‍റെ പ്രതിച്ഛായ തകര്‍ക്കാനാവില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. കരുണാകരന്‍ സിനിമാ മേഖലയില്‍ ഒരിക്കലും സ്വന്തം അജന്‍ഡ നടപ്പാക്കിയിരുന്നില്ല. കേരളത്തില്‍ ആദ്യമായി ഫിലിം സ്റ്റുഡിയോ കൊണ്ടുവന്നതും അവശകലാകാരന്‍മാര്‍ക്ക് പെന്‍ഷനേര്‍പ്പെടുത്തിയത് കരുണാകരനാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
മലയാളത്തിലെ ആദ്യ ചലന ചലച്ചിത്രമായ വിഗതകുമാരന്‍ നിര്‍മിച്ച ജെ.സി. ഡാനിയേലിന്റെ അവസാനകാലത്ത് അദ്ദേഹത്തെ അംഗീകരിക്കുന്നതില്‍ മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ വിമുഖത കാട്ടിയതായി സിനിമയില്‍ പറയുന്നുണ്ട്. അന്നത്തെ സാംസ്കാരിക സെക്രട്ടറിയായി ചിത്രീകരിച്ച് മലയാറ്റൂര്‍ രാമകൃഷ്ണനെയും സിനിമയില്‍ വിമര്‍ശിക്കുന്നുണ്ട്. ജെ.സി. ഡാനിയേലിനെ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്നാട് ഗ്രാമത്തില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനായ ചേലങ്ങാട് ഗോപാലകൃഷ്ണന്‍ അദ്ദേഹത്തിന് വേണ്ടി സഹായം അഭ്യര്‍ഥിക്കുമ്പോള്‍ സാംസ്ക്കാരിക സെക്രട്ടറിയും മുഖ്യമന്ത്രിയും ഇതിനോട് വിയോജിക്കുന്നതായാണ് ചിത്രത്തില്‍ പറയുന്നത്. എന്നാല്‍ ചേലങ്ങാട് പിന്നീട് പുറത്തിറക്കിയ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് താന്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് കമലിന്റെ വാദം.