രണ്ടു വര്‍ഷം മുമ്പ് മന്ത്രി ജി സുധാകരന്‍റെ ശകാരവര്‍ഷം കേള്‍ക്കാത്തവരില്ല ഉദ്യോഗസ്ഥരില്‍ എന്നതായിരുന്നു സ്ഥിതി. ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയ - സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം സുധാകരന്‍റെ വാക്ശരങ്ങളാല്‍ മുറിവേറ്റവരാണ്. എന്നാല്‍, ആ സുധാകരന്‍ പാടേ മാറിയിരിക്കുന്നു. ദേവസ്വത്തിന്‍റെ ചുമതല ആ ചുമലില്‍ നിന്നെടുത്തുമാറ്റിയതോടെ സുധാകരന്‍ സോഫ്റ്റായി. കവിതാര്‍ദ്രമാണ് കഴിഞ്ഞ കുറേക്കാലമായി അദ്ദേഹത്തിന്‍റെ വാക്കുകള്‍ പോലും.
ജി സുധാകരന്‍റെ കവിതകള്‍ക്ക് താന്‍ സംഗീതം നല്‍കാമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് പുതിയ കൌതുകം. സുധാകരന്‍റെ ‘ഉണ്ണീ മകനേ മനോഹരാ’ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനച്ചടങ്ങിലാണ് സുധാകരന് ജയചന്ദ്രന്‍റെ വാഗ്ദാനം ലഭിച്ചത്.
“'ഉണ്ണീ മകനേ മനോഹരാ നീ... എങ്ങു പോയെങ്ങുപോയുണ്ണീ?” - സുധാകരന്‍ എഴുതിയ കവിതയിലെ വരികള്‍ ചടങ്ങില്‍ ജയചന്ദ്രന്‍ മനോഹരമായി ആലപിച്ചു. “സത്യസന്ധതയുടെ ഒരു തെളിച്ചമാണ് കവിതകളില്‍ പ്രതിഫലിക്കുന്നത്. ഈ കവിതകള്‍ക്കെല്ലാം സ്വന്തമായ ഒരു സംഗീതമുണ്ട്. സമാഹാരത്തിലെ എല്ലാ കവിതകള്‍ക്കും ഞാന്‍ സംഗീതം പകര്‍ന്നു നല്‍കാം” - ജയചന്ദ്രന്‍ അറിയിച്ചു.
പ്രഭാത് ബുക്ക് ഹൌസാണ് സുധാകരന്‍റെ കവിതകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കവിതകളുടെ തെരഞ്ഞെടുത്ത സമാഹാരമാണിത്. തന്‍റെ കവിതകളുടെ നിലവാരത്തെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് സുധാകരന് കൃത്യമായ മറുപടിയുണ്ട്. “ഒരു ആനുകാലിക പ്രസിദ്ധീകരണവും എന്‍റെ കവിത പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ചിട്ടില്ല. എന്‍റെ കവിത ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരിച്ചത് മനോരമ, കൌമുദി പോലെയുള്ള ആഴ്ചപ്പതിപ്പുകളാണ്. ഏറ്റവും കുറച്ച് കവിതകളേ ഞാന്‍ ദേശാഭിമാനിക്ക് നല്‍കിയിട്ടുള്ളൂ”.