ജയിക്കുമെന്ന് ഉറപ്പുള്ള കളി, ഓണം കഴിഞ്ഞും ഭരിക്കാന്‍ മമ്മൂട്ടി!

അഗത
ചൊവ്വ, 19 ഓഗസ്റ്റ് 2014 (14:43 IST)
മംഗ്ലീഷ് ഹിറ്റായി. മമ്മൂട്ടിക്ക് ആശ്വാസമായി. തുടര്‍ച്ചയായി സിനിമകള്‍ വീണതോടെ പിടിച്ചുനില്‍ക്കാനിടമില്ലാതിരുന്ന മമ്മൂട്ടിക്ക് ഉറപ്പിച്ച് ചവിട്ട് നില്‍ക്കാനുള്ള ഭൂമിയായി മംഗ്ലീഷ്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ വീണ്ടും കളി തുടങ്ങുകയാണ്‍. വിജയിക്കുമെന്ന് ഉറപ്പുള്ള കളി.

മംഗ്ലീഷ് വിജയിച്ചതിന്‍റെ ആവേശത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ, ഈ വെള്ളിയാഴ്ച വളരെ ഗൌരവമുള്ള ഒരു പ്രമേയവുമായി മമ്മൂട്ടി എത്തുന്നു. വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പ്'. ഗൌരവമുള്ള പ്രമേയമാണെങ്കിലും വളരെ ലാഘവത്തോടെ കണ്ടിരിക്കാവുന്ന ട്രീറ്റ്മെന്‍റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ട്രെയിലറുകളെല്ലാം ഒന്നിനൊന്ന് മെച്ചം. മംഗ്ലീഷ് തുടരുമ്പോള്‍ തന്നെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം വലിയ തിയേറ്ററുകളില്‍ മുന്നറിയിപ്പ് പ്രദര്‍ശനമാരംഭിക്കും.

തമാശച്ചിത്രങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കിവയ്ക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് മമ്മൂട്ടി നല്‍കുന്ന മറുപടി കൂടിയാണ് മുന്നറിയിപ്പ്. പഴയ മമ്മൂട്ടിയെ ഈ സിനിമയിലൂടെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ. കുടുംബങ്ങള്‍ ഈ സിനിമ ഏറ്റെടുക്കുമെന്നും.

പിന്നെ രണ്ടാഴ്ചയേയുള്ളൂ. ഓണം എത്തുകയാണ്. ഓണത്തിന് തികച്ചും ആഘോഷമൂഡുമായി അവന്‍ എത്തും - രാജാധിരാജ. സൂപ്പര്‍ ഫൈറ്റുകളും കിടിലന്‍ ഡാന്‍സുകളുമായി നല്ല കളര്‍ഫുള്‍ എന്‍റര്‍ടെയ്നര്‍. രാജമാണിക്യത്തിന്‍റെയും പോക്കിരിരാജയുടെയും പിന്‍‌ഗാമി. നവാഗതനായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ്. ഓണക്കാലം മുതല്‍ മാസങ്ങളോളം നിറഞ്ഞോടാനുള്ള വകുപ്പുകളുമായാണ് രാജാധിരാജ എത്തുന്നതെന്ന് തീര്‍ച്ച.

മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങളെ മംഗ്ലീഷ് മുതല്‍ പുറത്തുനിര്‍ത്തി കളികാണാന്‍ പ്രേരിപ്പിക്കുന്ന അടവുനയങ്ങളാണ് മമ്മൂട്ടി പുറത്തെടുക്കുന്നത്. അത് രാജാധിരാജ കഴിഞ്ഞാലും തുടരുമെന്നാണ് സൂചന. വര്‍ഷം എന്ന മറ്റൊരു മെഗാ പ്രൊജക്ട് അണിയറയില്‍ ഒരുങ്ങുന്നുണ്ട്.