നവാഗതനായ അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ‘ജവാന്‍ ഓഫ് വെള്ളിമല’ മമ്മൂട്ടിയാണ് നിര്‍മ്മിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഇമ്മാനുവല്‍’ എന്ന ചിത്രത്തിന്‍റെയും നിര്‍മ്മാണം മമ്മൂട്ടിയാണ്. മികച്ച തിരക്കഥകള്‍ കണ്ടെത്തി അവ എത്രയും വേഗം ചിത്രീകരണം പൂര്‍ത്തിയാക്കി തിയേറ്ററിലെത്തിച്ച് വിജയം കൊയ്യാനുള്ള തന്ത്രം മമ്മൂട്ടി നടപ്പാക്കിത്തുടങ്ങി.
എട്ടു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് മമ്മൂട്ടി കൂടുതല്‍ ജാഗ്രത പാലിച്ചു തുടങ്ങിയത്. തന്‍റെ സിനിമകളുടെ തിരക്കഥകളുടെ ദൌര്‍ബല്യമാണ് ആ ചിത്രങ്ങള്‍ പരാജയപ്പെടാനുണ്ടായ കാരണമെന്ന് മമ്മൂട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച തിരക്കഥകള്‍ക്കായി വലിയ അന്വേഷണമാണ് മമ്മൂട്ടി നടത്തുന്നത്.
‘വെനീസിലെ വ്യാപാരി’ ഒരു പരാജയ ചിത്രമായിരുന്നു. എന്നാല്‍ ആ സിനിമയെഴുതിയ ജയിംസ് ആല്‍ബര്‍ട്ടിന്‍റെ കൈയില്‍ പുതിയൊരു ആശയം ഉണ്ടെന്നറിഞ്ഞ മമ്മൂട്ടി ഉടന്‍ തന്നെ അത് തിരക്കഥയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജവാന്‍ ഓഫ് വെള്ളിമല പിറക്കുന്നത് അങ്ങനെയാണ്. ആ സിനിമ നിര്‍മ്മിക്കാനും മമ്മൂട്ടി തയ്യാറായി.
അതേസമയം തന്നെ, ലാല്‍ ജോസിന്‍റെ ചിത്രത്തിന് പണമിറക്കാനും മമ്മൂട്ടി തയ്യാറായിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ‘ഇമ്മാനുവല്‍’. നവാഗതനായ എ സി വിജീഷാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. വിജീഷിന്‍റെ കഥ കേട്ടയുടന്‍ തന്നെ ഈ സിനിമയുടെ നിര്‍മ്മാണച്ചുമതലയും മമ്മൂട്ടി ഏറ്റെടുക്കുകയായിരുന്നു. വളരെ പ്രത്യേകതകളുള്ള ഒരു അച്ചായന്‍ കഥാപാത്രമായിരിക്കും ഈ സിനിമയില്‍ മമ്മൂട്ടിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറവത്തൂര്‍ കനവിലെ ചാണ്ടിയെപ്പോലെ തികച്ചും വ്യത്യസ്തമായ ഒരു നസ്രാണിക്കഥാപാത്രമായിരിക്കും ഇമ്മാനുവലും. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിദ്യാസാഗര്‍ സംഗീതം നിര്‍വഹിക്കുന്ന ഇമ്മാനുവലിന് ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിര്‍. ലാല്‍ ജോസിന്‍റെ ആദ്യചിത്രമായ മറവത്തൂര്‍ കനവില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ‘പട്ടാളം’ എന്ന ചിത്രമൊരുക്കി. കേരളാ കഫെ സിനിമാപരമ്പരയില്‍ ‘പുറംകാഴ്ചകള്‍’ എന്ന ലഘുചിത്രത്തിന് വേണ്ടിയും മമ്മൂട്ടിയും ലാല്‍ ജോസും ഒന്നിച്ചു.