ജയസൂര്യ ഇംഗ്ലീഷില്‍, സംവിധാനം ശ്യാമപ്രസാദ് !

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2012 (14:46 IST)
PRO
അനൂപ് മേനോന്‍ ഹോളിവുഡ് സിനിമയെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ വാരം കൌതുകം ജനിപ്പിച്ച ഒന്നാണ്. അനൂപ് എഴുതിയ ‘ആര്‍തര്‍ ഗോപാല്‍ റെള്‍ട്ടന്‍’ എന്ന നോവലെറ്റാണ് ഇംഗ്ലീഷ് സിനിമയാകുന്നത്. ചിത്രം വി കെ പ്രകാശ് സംവിധാനം ചെയ്യും. അനൂപിന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ ജയസൂര്യ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത!

ഏത് ചിത്രം? ആരാണ് സംവിധായകന്‍? ഏത് ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി എന്നൊക്കെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വരട്ടെ. ജയസൂര്യ അഭിനയിക്കുന്ന സിനിമയുടെ പേരാണ് ‘ഇംഗ്ലീഷ്’. ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന ‘ഇംഗ്ലീഷ്’ അടുത്ത മാസമാണ് ചിത്രീകരണം ആരംഭിക്കുന്നത്. സോനാ നായരുടെ ഭര്‍ത്താവും അമൃത ടി വിയിലെ ക്യാമറാമാനുമായ ഉദയന്‍ അമ്പാടിയാണ് ഈ സിനിമയുടെ ഛായാഗ്രഹണം.

ലണ്ടനില്‍ സ്ഥിരതാമസമാക്കിയ മലയാളികളുടെ ജീവിതമാണ് ഇത്തവണ ശ്യാമപ്രസാദ് പകര്‍ത്തുന്നത്. നിവിന്‍ പോളിയും നദിയാ മൊയ്തുവും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമ്യാ നമ്പീശന്‍, മുകേഷ്, മുരളി മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

അജയന്‍ വേണുഗോപാല്‍ തിരക്കഥ രചിക്കുന്ന ‘ഇംഗ്ലീഷ്’ നിര്‍മ്മിക്കുന്നത് നവരംഗ് ക്രിയേഷന്‍സ്.