സംവൃതാ സുനില്‍ അങ്ങനെ പെരിയ നായകന്‍മാരുടെ നായികയാകാനൊരുങ്ങുകയാണ്. അതിന്‍റെ ആദ്യ പടിയായി ജയറാമിന്‍റെ നായികയാകുകയാണ് ഈ സുന്ദരി. സിനിമയില്‍ വന്നിട്ട് അഞ്ചുവര്‍ഷമായെങ്കിലും ഇതുവരെ മുന്‍നിരനായികയാകാന്‍ കഴിയാത്ത സംവൃത 2009 തന്‍റെ ഭാഗ്യവര്‍ഷമായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാമിന്‍റെ നായികയായി സംവൃത എത്തുന്നത്. ഈ സിനിമയിലെ നാലു നായികമാരില്‍ ഒരാളാണെങ്കിലും മുഖ്യകക്ഷി സംവൃത തന്നെയാണ്. സിന്ധുമേനോന്‍, ആയില്യ, മംഗള എന്നിവരാണ് മറ്റ് നായികമാര്‍. ചിത്രത്തില്‍ ജയറാമിന് ഇരട്ടവേഷമാണ്.
സിനിമാരംഗത്തേക്ക് കടന്നുവന്നത് ദിലീപിന്‍റെ നായികയായാണെങ്കിലും പിന്നീട് രണ്ടാം നിര താരങ്ങളുടെ ചിത്രങ്ങളിലേക്ക് സംവൃത ഒതുക്കപ്പെടുകയായിരുന്നു. ഇടയ്ക്ക് മമ്മൂട്ടിച്ചിത്രമായ നേരറിയാന്‍ സി ബി ഐയിലും മോഹന്‍ലാലിനൊപ്പം ചന്ദ്രോത്സവത്തിലും അഭിനയിച്ചെങ്കിലും അതിലൊന്നും സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നില്ല സംവൃത.
സംവൃത ഏറ്റവും കൂടുതല്‍ നായികയായത് പൃഥ്വിരാജ് സിനിമകളിലാണ്. ഈ കുട്ടിക്കളി ഒന്ന് അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചുറച്ചാണെന്നു തോന്നുന്നു ജയറാം ചിത്രത്തിന് സംവൃത ഡേറ്റ് നല്‍കിയത്.
വാല്‍ക്കഷണം: ആരാണ് പറഞ്ഞത് സംവൃത മോഹന്‍ലാലിന്‍റെ നായികയായില്ലെന്ന്? ഹലോ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ പൂര്‍വകാമുകിയെ അവതരിപ്പിച്ചത് സംവൃതയാണ്. എന്നാല്‍ അത് ഒരു ഫോട്ടോയിലും ഒരു സീനിലും ഒതുങ്ങി. കഷ്ടമെന്നല്ലേ പറയേണ്ടൂ.