റിയാലിറ്റി ഷോയ്ക്കാണോ സീരിയലുകള്‍ക്കാണോ ജനപ്രീതി? ‘റിയാലിറ്റി ഷോ’ എന്ന് കണ്ണും പൂട്ടി ഉത്തരം നല്‍കാന്‍ വരട്ടെ. സീരിയലുകളുടെ പ്രതാപകാലം തിരിച്ചുവരികയാണ്. ഏഷ്യാനെറ്റും സൂര്യയും ഉള്‍പ്പടെയുള്ള എന്‍റര്‍ടെയ്‌ന്മെന്‍റ് ചാനലുകള്‍ സീരിയലുകള്‍ക്ക് വീണ്ടും പ്രാധാന്യം നല്‍കുന്നു. ജനപ്രീതിയില്‍ കനത്ത ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് ഏഷ്യാനെറ്റിന്‍റെ ‘സ്റ്റാര്‍ സിംഗര്‍’ റിയാലിറ്റി ഷോയുടെ സമയം വെട്ടിക്കുറച്ചു.
മുമ്പ് ഒന്നര മണിക്കൂറായിരുന്നു സ്റ്റാര്‍ സിംഗറിന് അനുവദിച്ചിരുന്ന സമയം. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുമണി മുതല്‍ ഒമ്പതര വരെയായിരുന്നു സംപ്രേക്ഷണം. എന്നാല്‍ ഇന്നു മുതല്‍ സ്റ്റാര്‍ സിംഗറിന്‍റെ സമയം ഒരു മണിക്കൂറാക്കി ചുരുക്കുകയാണ്. പഴയതുപോലെ സ്റ്റാര്‍ സിംഗര്‍ കാണാന്‍ കുടുംബങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല എന്നതുതന്നെ കാരണം.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചാനല്‍ സ്ലോട്ടുകള്‍ മൂന്നെണ്ണമാണ് സ്റ്റാര്‍ സിംഗറിന് നല്‍കിയിരുന്നത്. തിങ്കളാഴ്ച മുതല്‍ അത് രണ്ട് സ്ലോട്ടായി ചുരുക്കുമ്പോള്‍ സീരിയലുകള്‍ക്ക് അത് നേട്ടമാവുകയാണ്. സ്റ്റാര്‍ സിംഗര്‍ വെട്ടിക്കുറച്ചു നല്‍കുന്ന അരമണിക്കൂറില്‍ പുതിയ സീരിയലായ ‘കുങ്കുമപ്പൂവ്’ സംപ്രേക്ഷണം ചെയ്യും.
സ്റ്റാര്‍ സിംഗറിന്‍റെ അഞ്ചാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ സ്റ്റാര്‍ സിംഗര്‍ നിര്‍ത്താന്‍ ഏഷ്യാനെറ്റ് തീരുമാനിച്ചതായാണ് വിവരം.