ഗുരുവായൂര്‍ക്കൊരു യാത്ര... അതും ഷീടാക്സിയില്‍, ഡ്രൈവര്‍ മഞ്ജു വാര്യര്‍ ആയാലോ?

Webdunia
വ്യാഴം, 26 ജൂണ്‍ 2014 (15:29 IST)
ആംഗ്രി ബേബീസ് തകര്‍ത്തോടുകയാണ്. അതിന്‍റെ ആഹ്ലാദത്തിലാണ് സംവിധായകന്‍ സജി സുരേന്ദ്രനും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും. എന്തായാലും ഈ ടീം അടുത്ത ചിത്രത്തിന്‍റെ ജോലികളിലേക്ക് കടന്നുകഴിഞ്ഞു.

'ഷീടാക്സി ടു ഗുരുവായൂര്‍' എന്നാണ് ഈ സിനിമയുടെ പേര്. സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന ഒരു ടാക്സി സര്‍വീസാണ് അടുത്തകാലത്തായി ആരംഭിച്ച ഷീടാക്സി. തൊടുപുഴയില്‍ നിന്ന് ഒരു ഷീടാക്സി വിളിച്ച് ഗുരുവായൂരിലേക്ക് യാത്രപോകുന്നവരുടെ രസകരമായ കഥയാണ് ഷീടാക്സി. സജി സുരേന്ദ്രന്‍ - കൃഷ്ണ പൂജപ്പുരയുടെ പതിവ് കോമഡി മസാലകളില്‍ നിന്നും വ്യത്യസ്തമായി ഇതൊരു ഫണ്‍ ത്രില്ലറാണ്.

ഷീടാക്സിയിലെ നായികയായി മഞ്ജു വാര്യര്‍ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യം. അണിയറപ്രവര്‍ത്തകര്‍ ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഷീ ടാക്സി സര്‍വീസിന്‍റെ ബ്രാന്‍ഡ് അംബാസഡറാണ് മഞ്ജു വാര്യര്‍. എന്നാല്‍ കഥയും തിരക്കഥയും കഥാപാത്രവും നന്നായി ഇഷ്ടപ്പെട്ടെങ്കില്‍ മാത്രമേ മഞ്ജു ഡേറ്റ് നല്‍കുകയുള്ളൂ.

സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും തങ്ങളുടെ തുടര്‍ച്ചയായ ഏഴാം ചിത്രത്തിനുവേണ്ടിയാണ് ഒന്നിക്കുന്നത്.