'ഗജിനി’ മറന്നോ? മറക്കാന്‍ വരട്ടേ, അണിയറയില്‍ ചിലത് നടക്കുന്നുണ്ട്!

Webdunia
ബുധന്‍, 7 മെയ് 2014 (14:44 IST)
‘കത്തി’ എന്ന സിനിമയുടെ തിരക്കിലാണ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്. വിജയ് നായകനാകുന്ന ഈ സിനിമ പൂര്‍ത്തിയായാലുടന്‍ തന്‍റെ അടുത്ത സിനിമ ആരംഭിക്കാനാണ് മുരുഗദോസിന്‍റെ തീരുമാനം. നായകന്‍ മറ്റാരുമല്ല, മുരുഗദോസിന് ഏറ്റവും പ്രിയപ്പെട്ട ആള്‍ തന്നെ, സൂര്യ!
 
ഗജിനി, ഏഴാം അറിവ് എന്നീ സിനിമകള്‍ക്ക് ശേഷം സൂര്യ - മുരുഗദോസ് ടീം തങ്ങളുടെ മൂന്നാമത്തെ സിനിമയുടെ ചര്‍ച്ചയിലാണ്. കഥയുടെ ഏകദേശരൂപം മുരുഗദോസ് തയ്യാറാക്കിയിട്ടുണ്ട്. ത്രെഡ് ഇഷ്ടപ്പെട്ട സൂര്യ മുന്നോട്ടുപോകാനുള്ള പച്ച സിഗ്നല്‍ നല്‍കിക്കഴിഞ്ഞു.
 
ലിങ്കുസാമി സംവിധാനം ചെയ്യുന്ന ‘അഞ്ചാന്‍’ എന്ന പ്രൊജക്ടില്‍ ഇനി ഒരു ഗാനരംഗം മാത്രമാണ് ഷൂട്ട് ചെയ്യാനുള്ളത്. സൂര്യ അത് ജൂണില്‍ പൂര്‍ത്തിയാക്കും. അതിന് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. അതും കഴിഞ്ഞാല്‍ മുരുഗദോസിന്‍റെ ചിത്രത്തിലേക്കായിരിക്കും സൂര്യയുടെ യാത്ര.
 
നല്ലമലപ്പു ബുജ്ജി എന്ന തെലുങ്ക് നിര്‍മ്മാതാവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. തമിഴ് - തെലുങ്ക് ഭാഷകളിലായി പടം ചിത്രീകരിക്കും. 100 കോടിയായിരിക്കും ബജറ്റ് എന്നറിയുന്നു.