ക്രൈം സീരിയലുമായി ഗൌതം മേനോന്‍, റഹ്‌മാന്‍റെ സംഗീതം

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2011 (14:53 IST)
PRO
തമിഴകത്തെ സ്റ്റൈലിഷ് ചിത്രങ്ങളുടെ സംവിധായകനായ ഗൌതം വാസുദേവ് മേനോന്‍ ഇനി സീരിയല്‍ രംഗത്തേക്കും. ഗൌതം സംവിധാനം ചെയ്യുന്ന സീരിയലിന്‍റെ തിരക്കഥാ ജോലികള്‍ നടന്നുവരുന്നു. പാര്‍ത്ഥിപന്‍ നായകനാകുന്ന സീരിയല്‍ ക്രൈം സ്റ്റോറികളാണ് പ്രമേയമാക്കുന്നത്. ഓസ്കര്‍ ജേതാവ് എ ആര്‍ റഹ്‌മാന്‍ ഇതാദ്യമായി ഒരു സീരിയലിന് സംഗീതം നല്‍കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

തമിഴകത്തെ ഒരു പ്രമുഖ ചാനലിലായിരിക്കും ഈ സീരിയല്‍ സം‌പ്രേക്ഷണം ചെയ്യുക. സി എസ് ഐ(ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍) എന്ന് പേരിട്ടിരിക്കുന്ന സീരിയലിന്‍റെ നിര്‍മ്മാണവും ഗൌതം മേനോനാണ്. സീരിയലിന്‍റെ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതമാണ് പ്രധാനമായും റഹ്‌മാന്‍ ഒരുക്കുക എന്നറിയുന്നു.

ആഴ്ചയില്‍ രണ്ടു എപ്പിസോഡുകളായിരിക്കും സീരിയലിനുണ്ടാകുക. ഈ രണ്ട് എപ്പിസോഡുകളില്‍ ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കും. പിന്നീട് അടുത്ത കഥ തുടങ്ങും. എല്ലാം കുറ്റാന്വേഷണ കഥകളായിരിക്കും. വ്യത്യസ്തമായ രീതിയില്‍ കേസുകള്‍ അന്വേഷിക്കുന്ന ഡിറ്റക്ടീവിന്‍റെ വേഷത്തിലാണ് പാര്‍ത്ഥിപന്‍ അഭിനയിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള സീരിയലായിരിക്കും ഇതെന്ന് പാര്‍ത്ഥിപന്‍ വ്യക്തമാക്കി.