കിലുക്കം, ചിത്രം, മിഥുനം - വരുന്നു ആ വസന്തകാലം വീണ്ടും!

Webdunia
ചൊവ്വ, 15 ഡിസം‌ബര്‍ 2015 (14:08 IST)
മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമായിരിക്കും ഇത്. ശ്രീനിവാസനും ഈ ചിത്രത്തിന്‍റെ ഭാഗമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ തന്‍റെ വെക്കേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ ഡേറ്റ് തീരുമാനിക്കും. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
 
ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന ഒരു ചെറിയ കോമഡിച്ചിത്രമാണ് പ്രിയദര്‍ശന്‍റെ മനസില്‍. ചിത്രവും കിലുക്കവും മിഥുനവും ചന്ദ്രലേഖയും പോലെ രസകരമായി സിനിമ ഒരുക്കാനാണ് പദ്ധതിയിടുന്നത്. 
 
പ്രിയദര്‍ശന്‍റെ കഴിഞ്ഞ മോഹന്‍ലാല്‍ ചിത്രങ്ങളായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഗീതാഞ്ജലി തുടങ്ങിയവ ബോക്സോഫീസില്‍ വലിയ മാജിക് സൃഷ്ടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നാന്തരം നര്‍മ്മമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരിക്കും പുതിയ സിനിമ.
 
ഈ ചിത്രത്തിന് ശേഷം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന് മോഹന്‍ലാലും പ്രിയദര്‍ശനും കൈകോര്‍ക്കുന്നുണ്ട്. റഷ്യയുമായി സഹകരിക്കുന്ന ആ സിനിമ അന്താരാഷ്ട്രതലത്തിലുള്ള ഒരു സബ്ജക്ടാണ് കൈകാര്യം ചെയ്യുന്നത്.