കാസനോവയ്ക്ക് സമ്മിശ്രപ്രതികരണം

Webdunia
PRO
PRO
മലയാള പ്രേക്ഷകര്‍ ഏറെക്കാലമായി ആവേശത്തോടെ കാത്തിരുന്ന മോഹന്‍‌ലാല്‍ ചിത്രം കാ‍സനോവ പ്രദര്‍ശനത്തിനെത്തി. ഉത്സവാന്തരീക്ഷത്തിലാണ് ആരാധകര്‍ കാസനോവയെ തീയേറ്ററുകളില്‍ വരവേറ്റത്. എന്നാല്‍ ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. കാസനോവ വന്‍ ഹിറ്റിലേക്ക് കുതിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പുപറയാനാകില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

ആരാധകരെ തൃപ്തിപ്പെടുത്തും വിധം തികച്ചും സ്റ്റൈലിഷായാണ് മോഹന്‍‌ലാല്‍ കാസനോവയായിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗും സംവിധായകന്‍ റോഷന്‍ ആന്‍ഡ്യൂസ് സ്റ്റൈലിഷ് ആയിത്തന്നെ നിര്‍വഹിച്ചിരിക്കുന്നു. ഇന്റര്‍വെല്‍ പഞ്ചിംഗും പ്രേക്ഷകനെ തീയേറ്ററില്‍ പിടിച്ചിരുത്താന്‍ പോന്നതാണ്. എന്നാല്‍ തിരക്കഥയിലെ ചില അവ്യക്തതകള്‍ സിനിമയെ കുഴപ്പത്തില്‍ ചാടിച്ചിരിക്കുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ട്. രാജ്യത്തെ 202 തീയേറ്ററുകളില്‍ 1000 സ്ക്രീനുകളിലായാണ് കാസനോവ റിലീസ് ചെയ്തിരിക്കുന്നത്.

സഞ്ജയ് - ബോബി ടീം തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ശ്രേയാ ശരണ്‍, ലക്ഷ്മി റോയ്, റോമ എന്നിവരാണ് നായികമാര്‍. ജഗതി ശ്രീകുമാര്‍, ശങ്കര്‍, ലാലു അലക്‌സ്, റിയാസ് ഖാന്‍ സഞ്ജന, ഡിംപിള്‍ റോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിം ഗണേശ് ആണ്. അല്‍ഫോന്‍സ്, ഗൗരി എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.