മനുവും ബീന ആന്റണിയും- ഈ നായരു ചെറുക്കനും ക്രിസ്ത്യാനിപ്പെണ്ണും വിവാഹം കഴിച്ചപ്പോള്‍ പലരും മുഖം ചുളിച്ചു. ബീന ആന്റണിയെക്കുറിച്ച് പെയ്തിറങ്ങിക്കൊണ്ടിരുന്ന ഒരുപാട് ഗോസ്സിപ്പുകളും, കൂടാതെ ഇതെങ്ങനെ ചേരുമെന്നും മറ്റുമായിരുന്നു പലരുടെയും സംശയം.പക്ഷേ പരസ്പരവിശ്വാസവും സ്നേഹവും കൊണ്ട് ബീനയും മനുവും അതെല്ലാം അതിജീവിച്ചു. ഈ സന്ദേശം തന്നെയാണ് ബീനയ്ക്കും മനുവിനും ഓണത്തിനു നല്‍കാനുള്ളതും.
വീട്ടുകാര്‍ തുറന്ന മനസ്സോടെ ചിന്തിച്ചതു കൊണ്ടാണ് ഞങ്ങള്‍ ഒന്നായത്. ഞങ്ങളുടെ മനസില്‍ ജാതിയോ മതമോ പോലുള്ള യാതൊരു പ്രശ്നവും ഇല്ലെന്നുള്ളതാണ് ഞങ്ങളുടെ ജീവിതവിജയം.
കല്യാണത്തിന് മുന്‍പ് മിക്ക ഓണവും ക്രിസ്മസും മറ്റും ലൊക്കേഷനുകളിലാണ് അഘോഷിച്ചു കൊണ്ടിരുന്നത്. കല്യാണത്തിനു ശേഷം മനുവിന് നിര്‍ബന്ധമായിരുന്നു ഒരുമിച്ച് അഘോഷിക്കണമെന്ന്. ഇങ്ങനെയുള്ള ചെറിയ സന്തോഷങ്ങളും ഒത്തുകൂടലുകളുമാണ് ജീവിതത്തിന്റെ സുഖം.
ഇപ്പോള്‍ എല്ലാ ഓണത്തിനും ഞങ്ങള്‍ രണ്ടുപേരുടെയും വീട്ടില്‍ പോകും. എല്ലാവര്‍ക്കും എല്ലാ ഓണത്തിനും ഡ്രസ്സ് വാങ്ങും അതിനൊന്നും ഒരിക്കലും മുടക്കം വന്നിട്ടില്ല. വസ്ത്രങ്ങളില്‍ ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷന്‍ ഉള്ളതാണ് എനിക്കിഷ്ടം. എവിടെ കണ്ടാലും ഞാന്‍ വാങ്ങും.
പൊന്നുരുത്തിയിലെ തങ്ങളുടെ സന്തുഷ്ട ഭവനത്തില്‍ ഗംഭീരമായി ഓണാഘോഷത്തിനൊരുങ്ങുകയാണ് ബീന ആന്റണിയും മനോജും ആരോമലും.