ദൃശ്യം എന്ന എവര്‍ഗ്രീന്‍ ഹിറ്റിന്‍റെ തമിഴ് റീമേക്കായ 'പാപനാശം' ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗിനിടെ നായകന്‍ കമല്‍ഹാസന് ഭക്‍ഷ്യവിഷബാധ പിടിപെട്ട വാര്‍ത്തയാണ് സിനിമാലോകം കഴിഞ്ഞ ദിവസം ആശങ്കയോടെ കേട്ടത്. എന്നാല്‍ കമലിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു.
ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കമല്‍ഹാസന്‍ വീണ്ടും ഷൂട്ടിംഗില്‍ പങ്കെടുത്തുതുടങ്ങുമെന്ന് പാപനാശത്തിന്‍റെ സംവിധായകന്‍ ജീത്തുജോസഫ് അറിയിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടാനൊന്നുമില്ലെന്നും ജീത്തു അറിയിച്ചു.
മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടി എന്ന നായകകഥാപാത്രമായാണ് ( തമിഴില്‍ കഥാപാത്രത്തിന് പേര് അയ്യാപിള്ള! ) കമല്‍ഹാസന്‍ അഭിനയിക്കുന്നത്. ഭാര്യയായി ഗൌതമി വേഷമിടുന്നു.
കമല്‍ഹാസന്‍ രോഗബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹം ഉള്‍പ്പെടാത്ത രംഗങ്ങളാണ് ജീത്തു ജോസഫ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. കലാഭവന്‍ മണി, ആശാ ശരത്, നിവേദ, എസ്തര്‍ തുടങ്ങി മലയാളത്തിലെ ഏറെ താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.