വെറും 40 ദിവസങ്ങള്‍ കൊണ്ട് ഒരു കമല്‍ഹാസന്‍ ചിത്രം ചെയ്യാന്‍ കഴിയുമോ? അദ്ദേഹത്തിന്‍റെ സിനിമകളുടെ സമീപകാല ചരിത്രമെടുത്താല്‍ അസാധ്യമെന്നേ ആരും ഉത്തരം നല്‍കൂ. എന്നാല്‍, ‘ദൃശ്യ’ത്തിന്‍റെ തമിഴ് റീമേക്കായ ‘പാപനാശം’ വെറും 40 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതിന് പ്രധാന കാരണം കമലും സംവിധായകന്‍ ജീത്തു ജോസഫും തമ്മിലുള്ള കെമിസ്ട്രിയാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.
സാധാരണയായി തന്‍റെ ചിത്രങ്ങളുടെ സംവിധായകരുമായി കമല്‍ഹാസന് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ഇത് സിനിമയുടെ ചിത്രീകരണത്തെ തന്നെ ബാധിക്കാറുമുണ്ട്. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ലാതിരുന്ന ഷൂട്ടിംഗ് ആയിരുന്നു പാപനാശത്തിന്‍റേത്. ജീത്തു ജോസഫില്‍ കമലിന് അത്രയ്ക്ക് വിശ്വാസമായിരുന്നു. ഒരു തടസവും കൂടാതെ ഷൂട്ടിംഗ് മുമ്പോട്ടുപോയി. നാല്‍പ്പതാം ദിവസം ജീത്തു ജോസഫ് പായ്ക്കപ്പ് പറഞ്ഞു.
ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ ‘ദൃശ്യം’ ജൂലൈ 31നാണ് റിലീസാകുന്നത്. അതിന് രണ്ടാഴ്ച മുമ്പേ പാപനാശം പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി. മിക്കവാറും ജൂലൈ 17ന് റംസാന്‍ റിലീസായി പാപനാശം തിയേറ്ററുകളിലെത്തും.
കമല്‍ഹാസനും ഗൌതമിയുമാണ് പാപനാശത്തിലെ ജോഡി. ഐജിയുടെ വേഷത്തില്‍ ആശാ ശരത് തന്നെ അഭിനയിക്കുന്നു. ഹിന്ദി ദൃശ്യത്തില്‍ അജയ് ദേവ്ഗണും ശ്രീയാ സരണുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തബു ആണ് പൊലീസ് ഐജി.