കമല്‍ച്ചിത്രം - കൂട്ടുകാരും 40 കള്ളന്‍‌മാരും!

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2011 (14:13 IST)
PRO
കമലഹാസന്‍ സംവിധാനം ചെയ്യുന്ന ‘വിശ്വരൂപം’ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ചിത്രത്തില്‍ കമലിന്‍റെ നായിക ആരായിരിക്കും എന്നത് ദിനം‌പ്രതി വാര്‍ത്തയാകുന്നു. സോനാക്ഷി സിന്‍‌ഹയില്‍ തുടങ്ങി ഒടുവില്‍ അനുഷ്ക ഷെട്ടിയിലെത്തി നില്‍ക്കുന്നു ആ നായികാന്വേഷണം. അനുഷ്ക വിശ്വരൂപത്തില്‍ നായികയാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. വിശ്വരൂപത്തിന്‍റെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ‘വിശ്വരൂപം’ എന്ന് റിലീസാകുമെന്ന് പറയാന്‍ കമലഹാസനുപോലും കഴിയുന്നില്ല. കാരണം ഇതൊരു ബ്രഹ്മാണ്ഡ ചിത്രമാണെന്നതുതന്നെ. 60 കോടിക്കുമേല്‍ ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം കമലിന്‍റെ ഡ്രീം പ്രൊജക്ടുമാണ്. അതുകൊണ്ടുതന്നെ ഏറെ സമയമെടുത്ത് പെര്‍ഫെക്ഷനോടെ ചിത്രം പൂര്‍ത്തിയാക്കാനാണ് കമല്‍ ലക്‍ഷ്യമിടുന്നത്.

വിശ്വരൂപത്തിന്‍റെ ചിത്രീകരണവും മറ്റ് ജോലികളും രണ്ടുവര്‍ഷമെങ്കിലും നീണ്ടുപോയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്രയും കാലം തന്‍റെ ഒരു ചിത്രവും പ്രേക്ഷകര്‍ക്കുമുന്നിലെത്തില്ലല്ലോ എന്ന കാര്യത്തില്‍ കമലഹാസന്‍ ആകുലനായിരുന്നു. കമല്‍ ആരാധകരും നിരാശയിലായി. ഇപ്പോള്‍ ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് കമല്‍.

വിശ്വരൂപത്തിന് മുമ്പ് ഒരു അടിപൊളി കോമഡിച്ചിത്രം ഒരുക്കുക. ആറുമാസത്തിനുള്ളില്‍ അത് പ്രദര്‍ശനത്തിനെത്തിക്കുക. അതിന് കമല്‍ കൂട്ടുപിടിച്ചിരിക്കുന്നത് പ്രഭുവിനെയാണ്. അതേ, കമലഹാസനും പ്രഭുവും നായകന്‍‌മാരാകുന്ന ‘നന്‍‌പര്‍കളും 40 തിരുടര്‍കളും’ എന്ന സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ശിവാജി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പഞ്ചതന്ത്രം, മുംബൈ എക്സ്പ്രസ്, കാതലാ കാതലാ തുടങ്ങിയ കമല്‍ ചിത്രങ്ങള്‍ പോലെ ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമായിരിക്കും ‘നന്‍‌പര്‍കളും 40 തിരുടര്‍കളും’. ചിത്രത്തിന്‍റെ സംവിധായകന്‍ ആരാണ് എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ കമലഹാസനും ശിവാജി പ്രൊഡക്ഷന്‍സും രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഉടന്‍ തന്നെ കമലഹാസന്‍ ഈ പ്രൊജക്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെറ്റിവിഴ, വസൂല്‍‌രാജ എം ബി ബി എസ് തുടങ്ങിയ സിനിമകളില്‍ കമലഹാസനും പ്രഭുവും ഒരുമിച്ചിട്ടുണ്ട്.