കടല്‍ കടന്നെത്തിയ മാത്തുക്കുട്ടി മൂക്കും‌കുത്തി വീണെങ്കിലും ഗ്രേറ്റ് ഫാദര്‍ അടിച്ചുപൊളിക്കും!

വ്യാഴം, 24 നവം‌ബര്‍ 2016 (15:27 IST)
2013ലാണ് രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന മമ്മൂട്ടിച്ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പ്രാഞ്ചിയേട്ടന്‍ പോലെ പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആ സിനിമ വന്നതെങ്കിലും നിര്‍മ്മാതാവ് പൃഥ്വിരാജിന് കണക്കുകൂട്ടലെല്ലാം തെറ്റി. പടം തിയേറ്ററില്‍ മൂക്കും കുത്തി വീണു.
 
പത്തനംതിട്ട പ്ലാങ്കമണ്‍ കുരുടം‌ചാലില്‍ മാത്യു ജോര്‍ജ്ജ് എന്ന മാത്തുക്കുട്ടിയായി മമ്മൂട്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമായില്ല. പക്ഷേ പൃഥ്വിരാജിന് ഈ സിനിമ വലിയ നഷ്ടമൊന്നും ഉണ്ടാക്കിയില്ലെന്നാണ് വിവരം.
 
ഏഷ്യാനെറ്റ് 5.75 കോടി രൂപ നല്‍കിയാണ് മാത്തുക്കുട്ടിയുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയത്. എന്തായാലും വീണ്ടും ഒരു മമ്മൂട്ടിച്ചിത്രം പൃഥ്വിരാജ് നിര്‍മ്മിക്കുകയാണ്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഫാദര്‍ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തും. 
 
ഡേവിഡ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. ഡേവിഡും മകളും തമ്മിലുള്ള ഹൃദയബന്ധമാണ് സിനിമയുടെ ആകര്‍ഷണഘടകം. ഭാസ്കര്‍ ദി റാസ്കലിന് ശേഷം മമ്മൂട്ടി അച്ഛന്‍ വേഷത്തില്‍ വീണ്ടും വരുന്നു എന്ന പ്രത്യേകതയുണ്ട്. ഭാസ്കര്‍ ദി റാസ്കല്‍ 20 കോടിയോളം കളക്ഷന്‍ നേടിയ സിനിമയാണ്. എന്തായാലും കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി ഉണ്ടാക്കിയ ക്ഷീണം ദി ഗ്രേറ്റ് ഫാദറിലൂടെ തീര്‍ക്കാമെന്നാണ് നിര്‍മ്മാതാവ് പൃഥ്വിരാജ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക