'ഐ' ഇഫക്ട്: മുരുഗദോസ് ചിത്രത്തില്‍ വിക്രം!

Webdunia
ശനി, 24 ജനുവരി 2015 (14:18 IST)
'കത്തി'യുടെ മഹാവിജയത്തിന് ശേഷം സൊനാക്ഷി സിന്‍‌ഹയെ നായികയാക്കി ഒരു ഹിന്ദിച്ചിത്രത്തിനാണ് എ ആര്‍ മുരുഗദോസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ ചിത്രം തല്‍ക്കാലം വേണ്ടെന്നുവച്ചിരിക്കുകയാണ് മുരുഗദോസ്. 'ഐ' എന്ന സിനിമയിലെ വിക്രമിന്‍റെ പ്രകടനമാണ് മുരുഗദോസിന്‍റെ മനസുമാറ്റിയത്.
 
അടുത്തതായി വിക്രമിനെ നായകനാക്കി ഒരു തമിഴ് ചിത്രം ചെയ്യാനാണ് മുരുഗദോസ് ആലോചിക്കുന്നത്. അജിത്തിനു വേണ്ടിയും വിജയ്ക്കു വേണ്ടിയും രണ്ട് തിരക്കഥകള്‍ നേരത്തേ തന്നെ മുരുഗദോസ് എഴുതി പൂര്‍ത്തിയാക്കിയിരുന്നു. ഇതിലൊന്ന് വിക്രമിനെ നായകനാക്കി ചെയ്യാനാണ് ആലോചന. 
 
ഒരു പക്കാ ആക്ഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്നാണ് സൂചന. ഇപ്പോള്‍ വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്നത് വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന '10 എണ്‍‌റതുക്കുള്ളേ' എന്ന സിനിമയിലാണ്.  ആ ചിത്രം നിര്‍മ്മിക്കുന്നതും മുരുഗദോസാണ്.
 
അതേസമയം, വിക്രമിന്‍റെ 'ഐ' കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രയാണം തുടരുകയാണ്. തന്‍റെ അടുത്ത ചിത്രത്തിലും വിക്രമിനെ നായകനാക്കാനുള്ള ശ്രമങ്ങള്‍ ഷങ്കറും ആരംഭിച്ചതായാണ് ഷങ്കര്‍ ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.