ഐശ്വര്യാറായിയെ വിടാന്‍ വിവേക് ഒരുക്കമല്ല!

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2010 (13:37 IST)
PRO
PRO
സല്‍‌മാന്‍ ഖാന്‍ - ഐശ്വര്യാറായ് പ്രണയം തകര്‍ന്നത് ഐശ്വര്യയുടെ ജീവിതത്തിലേക്ക് വിവേക് ഒബ്രോയ് കടന്നുവന്നതോടെയാണ് എന്ന് പാപ്പരാസികള്‍ എഴുതിപ്പിടിപ്പിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവണം. അടയും ചക്കരയും പോലെയായിരുന്നു ഇരുവരും. എന്നാല്‍ അഭിഷേക് ബച്ചന്‍ ഇടയില്‍ കയറി സിക്സര്‍ അടിച്ചതോടെ വിവേക് ഒബ്രോയ് ഔട്ടാവുകയായിരുന്നു. തുടര്‍ന്ന് ബച്ചന്‍ കുടുംബത്തിലേക്ക് ഐശ്വര്യ മരുമകളായി എത്തിയത് ചരിത്രം.

ഐശ്വര്യയുടെ ജീവിതത്തില്‍ നിന്ന് പുറത്താക്കപ്പെട്ടാലും തന്റെ പ്രണയം മറക്കാന്‍ വിവേക് ഒബ്രോയ് തയ്യാറല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഴയ കാമുകിയുടെ സാമീപ്യം തേടി ഭ്രാന്തനെപ്പോലെ അലയുകയാണ് വിവേക് എന്നാണ് സൂചന. കാരണം അഭിഷേകും ഭാര്യ ഐശ്വര്യയും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം വിളിക്കാത്ത അതിഥിയായി വിവേക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അമിതാഭ് ബച്ചന്‍ നായകനായി അഭിനയിച്ച റണ്‍ എന്ന സിനിമയുടെ പ്രീമിയറിലാണ് അവസാനമായി വിവേക് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയത്. അഭിഷേകും ഐശ്വര്യയും പ്രീമിയറിന് വന്നിരുന്നു. സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വിവേക് പ്രീമിയര്‍ നടക്കുന്ന മള്‍‌ട്ടിപ്ലക്സിലേക്ക് ഓടിക്കയറി വന്നത്. ധൃതിയില്‍ വിവേകിന്റെ കാല്‍ ബാരിക്കേഡില്‍ ഇടിക്കുകയും ചെയ്തു.

റണ്‍ കാണാനായി വിവേകിനെ ക്ഷണിച്ചത് വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബത്തിന് വേണ്ടി വ്യാഴാഴ്ച ഒരുക്കിയിരുന്ന പ്രീമിയര്‍ കാണാനായി വിവേക് ബദ്ധപ്പെട്ട് എത്തിയത് പലരുടെയും നെറ്റി ചുളിക്കുന്നു.

ഷാരൂഖ് ഖാന്റെ വീട്ടില്‍ വച്ച് ഹൃതിക്ക് രോഷന്റെ പിറന്നാള്‍ പാര്‍ട്ടി നടന്നപ്പോഴും വിവേക് ക്ഷണിക്കാത്ത അതിഥിയായി വരികയുണ്ടായി. ഈ ചടങ്ങിലും അഭിഷേകും ഐശ്വര്യയും സംബന്ധിച്ചിരുന്നു. ഒരു പുരസ്കാര ദാന ചടങ്ങ് നടന്നുകൊണ്ടിരിക്കേ, അമിതാഭ് ബച്ചനോടും ജയാ ബച്ചനോടും വിവേക് വര്‍ത്തമാനം പറഞ്ഞത് പാപ്പരാസികള്‍ വാര്‍ത്തയാക്കിയിരുന്നു. കാരണമെന്തെന്നോ? അടുത്തുതന്നെ അഭിഷേകും ഐശ്വര്യയും ഉണ്ടായിരുന്നു എന്നതുതന്നെ!

അല്‍‌പസ്വല്‍‌പം റൌഡിത്തരമുണ്ടെങ്കിലും സല്‍‌മാനായിരുന്നു വിവേക് ഒബ്രോയിയേക്കാള്‍ മാന്യന്‍ എന്ന് നമ്മുടെ ലോകസുന്ദരി കരുതുന്നുണ്ടാവണം!