ഇളയദളപതി വിജയ് നായകനാകുന്ന അമ്പത്തൊമ്പതാം ചിത്രത്തിന് ‘മൂണ്‍ട്രുമുഖം’ എന്ന് പേരിട്ടു. വിജയ് മൂന്നു വേഷങ്ങളില്‍ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ‘രാജാ റാണി’ എന്ന മെഗാഹിറ്റ് ഒരുക്കിയ അറ്റ്‌ലീ ആണ്. സമാന്തയും എമി ജാക്സണുമാണ് ചിത്രത്തിലെ നായികമാര്‍.
പ്രഭു, രാധിക, സംവിധായകന്‍ മഹേന്ദ്രന്‍ എന്നിവര്‍ ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ പഴയ മെഗാഹിറ്റ് സിനിമയുടെ പേരാണ് ‘മൂണ്‍ട്രുമുഖം’. എന്നാല്‍ ഈ സിനിമ പഴയ രജനിച്ചിത്രത്തിന്‍റെ റീമേക്കല്ല.
വിജയ് അവതരിപ്പിക്കുന്ന മൂന്നുകഥാപാത്രങ്ങളില്‍ ഒന്ന് പൊലീസ് വേഷമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കടുത്ത വിജയ് ആരാധകനാണ് അറ്റ്‌ലീ. ആദ്യചിത്രം വിജയെ നായകനാക്കി ചെയ്യണമെന്നായിരുന്നു അറ്റ്‌ലീയുടെ ആഗ്രഹം. എന്നാല്‍ അതിനുപറ്റിയ ഒരു കഥ ശരിയാക്കാന്‍ അന്ന് കഴിഞ്ഞില്ല. അതോടെ രാജാറാണി അറ്റ്‌ലിയുടെ ആദ്യ ചിത്രമായി.
കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന ‘മൂണ്‍ട്രുമുഖം’ 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ചൈനയിലാണ് ചിത്രീകരണം ആരംഭിക്കുക. 140 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രണ്ടുഗാനങ്ങള്‍ വിജയ് തന്നെ ആലപിക്കും. ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രഹണം.