ഇന്ദ്രജിത്തും വെടി വഴിപാടിന്...

Webdunia
വ്യാഴം, 7 മാര്‍ച്ച് 2013 (20:49 IST)
PRO
PRO
ഉദ്ദിഷ്ടകാര്യ സിദ്ധിക്കാണ് വെടി വഴിപാട് നടത്തുക. മീശ മാധവനില്‍ ജഗതി നടത്തുന്ന ഒരു ‘വെടി വഴിപാട്’ പ്രേക്ഷകര്‍ മറക്കില്ല. എന്നാല്‍ പുതിയ വാര്‍ത്ത അതല്ല, നടന്‍ ഇന്ദ്രജിത്തും ഒരു വെടി വഴിപാടിന് ഒരുങ്ങുന്നു.

ഈ അടുത്തകാലത്ത് എന്ന ശ്രദ്ധേയസിനിമ നല്‍കിയ മുരളി ഗോപിക്കൊപ്പം ഇന്ദ്രജിത്ത് വീണ്ടും എത്തുന്നു. മുരളിഗോപി-അരുണ്‍കുമാര്‍ അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘വെടി വഴിപാട്’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തുന്നത്.

നവാഗതനായ ശംഭു പുരുഷോത്തമനാണ് സംവിധാനം. സൈജുകുറുപ്പ്, അനുമോള്‍, അനുശ്രീ, മൈഥിലി എന്നിവര്‍ക്കൊപ്പം ഒരു പ്രധാനവേഷം അവതരിപ്പിച്ചുകൊണ്ടാണ് ഇന്ദ്രജിത്തും ചിത്രത്തിന്റെ ഭാഗമാകുന്നത്. ഒപ്പം മുരളി ഗോപിയും ഒരു വേഷം ചിത്രത്തില്‍ ചെയ്യുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് സിനിമയെങ്കിലും ഇതൊരു കോമഡി ചിത്രമായിരിക്കും. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന വ്യത്യസ്ത സംഭവങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്.

ഇതിനൊപ്പം മുരളിഗോപി-അരുണ്‍കുമാര്‍ അരവിന്ദ്-ഇന്ദ്രജിത്ത് കൂട്ടുകെട്ടിന്റെ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു.