മോഹന്‍ലാല്‍ ഒരു കന്നഡ ചിത്രം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറും ഈ സിനിമയില്‍ അഭിനയിക്കുന്നതായാണ് വിവരം. ഇതോടെ തെന്നിന്ത്യയിലാകെ നിറഞ്ഞുനില്‍ക്കാന്‍ മോഹന്‍ലാല്‍ ഒരുങ്ങുകയാണ്.
മോഹന്‍ലാലിന്‍റെ തമിഴ് ചിത്രം ‘ജില്ല’ ഉടന്‍ ചിത്രീകരണം ആരംഭിക്കും. വിജയ് ആണ് ഈ ചിത്രത്തിലെ മറ്റൊരു നായകന്‍. കാജല്‍ അഗര്‍വാളാണ് നായിക.
ജില്ലയുടെ വിശേഷങ്ങള്‍ 1972 ല്‍ ഒരു ക്രൈം ഫിലിം അമേരിക്കയിലിറങ്ങി. പിന്നീട് അത് ലോകത്തിലെ എല്ലാ ഭാഷകളിലെയും ക്രൈം സിനിമകളുടെ പിതാവായി അറിയപ്പെട്ടു. ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ !
ആ ചിത്രത്തിലെ ഗോഡ്ഫാദര്‍ വീറ്റോ കോര്‍ലിയോണായി ജീവിച്ചത് മര്‍ലന്‍ ബ്രാന്‍ഡോ. അഭിനയത്തിന്‍റെ മഹാചക്രവര്‍ത്തി. നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറം മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ മോഹന്‍ലാല്‍ ഗോഡ്ഫാദറാകാന്‍ ഒരുങ്ങുകയാണ്. അതും മധുര കേന്ദ്രീകരിച്ചുള്ള അധോലോകത്തിന്‍റെ കിരീടം വയ്ക്കാത്ത രാജാവ്.
‘ജില്ല’ എന്ന തമിഴ് ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ ഡോണ്‍ കഥാപാത്രം. മരിയോ പുസോയുടെ വീറ്റോ കോര്‍ലിയോണിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം തന്നെയാണ് ജില്ലയില്‍ മോഹന്‍ലാലിനുള്ളത്. അയാളുടെ വിരല്‍ത്തുമ്പിലാണ് നിയമവും നീതിയും ചലിക്കുന്നത്. അയാള്‍ പറയുന്നതേ നടക്കൂ. അല്ലെങ്കില്‍ അയാള്‍ തന്നെയാണ് നിയമം.
നവാഗതനായ നേശന്‍ സംവിധാനം ചെയ്യുന്ന ജില്ലയില്‍ മോഹന്‍ലാലിന്‍റെ അധോലോക സംഘത്തിലെ പ്രധാനിയുടെ റോളിലാണ് വിജയ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ താമസിക്കുന്ന മധുരയിലെ ബംഗ്ലാവിന്‍റെ സെറ്റിടാന്‍ ഒരുകോടി രൂപയാണ് ചെലവ് വന്നത്.
മോഹന്‍ലാലിന്‍റെ ഭാര്യയായി പൂര്‍ണിമ ഭാഗ്യരാജാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്‍റെ ആദ്യചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായികയായിരുന്നു പൂര്‍ണിമ.
സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ബജറ്റ് 60 കോടി രൂപയാണ്. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന സിനിമ അടുത്ത പൊങ്കലിനായിരിക്കും റിലീസ് ചെയ്യുക.