ജോഷിക്ക് വേണ്ടി രണ്‍ജി പണിക്കര്‍ എഴുതിയ ഒരു തിരക്കഥയുണ്ട് - ‘നരന്‍’ എന്നായിരുന്നു ആ തിരക്കഥയുടെ പേര്. മോഹന്‍ലാലിന് പൊലീസ് കഥാപാത്രം നല്‍കി എഴുതിയ തിരക്കഥ. പക്ഷേ, ആ തിരക്കഥ ചിത്രീകരിച്ചില്ല. പ്രൊജക്ട് ഷൂട്ട് ആരംഭിക്കാന്‍ ഒരാഴ്ച മാത്രമുള്ളപ്പോള്‍ വേണ്ടെന്നുവയ്ക്കപ്പെട്ടു. ‘നരന്‍’ എന്ന പേരില്‍ ജോഷി ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുകയും അത് മെഗാഹിറ്റാകുകയും ചെയ്തു. ‘നരേന്ദ്രന്‍’ എന്ന പൊലീസ് കഥാപാത്രമായി മമ്മൂട്ടി മിന്നിത്തിളങ്ങിയ ‘രൌദ്രം’ എന്ന സിനിമ രണ്‍ജി പണിക്കരും സംവിധാനം ചെയ്തു. അപ്പോഴും ‘നരന്‍’ എന്ന തിരക്കഥയില്‍ രണ്‍ജി പണിക്കര്‍ തൊട്ടില്ല. അതിപ്പോഴും രണ്‍ജിയുടെ കൈവശം ഭദ്രം!
“സാധാരണ എന്‍റെ ഒരു എഴുത്തിന്‍റെ രീതി പത്തോ, പതിനഞ്ചോ സീനുകള്‍ മാത്രമാണ് ആദ്യം കൊടുക്കാറ്. പിന്നെ ഓരോ ദിവസവും ആവശ്യമുള്ള സീനുകള്‍ എഴുതിക്കൊടുക്കും. ആദ്യമായിട്ടാണ് ഒരു സിനിമയ്‌ക്കുവേണ്ടി 67 സീനോളം തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. അത്രയും എഴുതിയ സ്‌ഥിതിക്ക് അതില്‍ ഇടപെടലുകള്‍ ഉണ്ടായി. നിര്‍മ്മാതാവ് ആന്‍റണിയുടെ ഒരു പാര്‍ട്‌ണര്‍ അദ്ദേഹത്തിന്‍റെ ചില അഭിപ്രായങ്ങള്‍ പഞ്ഞു. എനിക്കത് ഇഷ്‌ടപ്പെട്ടില്ല. അങ്ങനെ ആ സിനിമ ചെയ്യണ്ട എന്നു ഞാന്‍ തീരുമാനിച്ചു” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നു.
“പൂജ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങാന്‍ ഒരാഴ്‌ച മാത്രമുള്ളപ്പോഴാണ് ആ പ്രോജക്‌ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. അന്നെഴുതിയ സ്‌ക്രിപ്‌റ്റ് ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഞാന്‍ അതേക്കുറിച്ച് പിന്നെ ചിന്തിച്ചില്ല. കഴിഞ്ഞ പത്തുവര്‍ഷമായി എന്‍റെ കോള്‍ഡ് സ്‌റ്റോറേജില്‍ 'നരന്‍' തിരക്കഥ കിടക്കുകയാണ്. ആ തിരക്കഥ അന്വേഷിച്ച് ആരെങ്കിലും വന്നാല്‍, അതേക്കുറിച്ച് ഇതുവരെ ഞാന്‍ ഒന്നും ആലോചിച്ചിട്ടില്ല. അതുകൊണ്ട് അവസാന വാക്കെന്ന നിലയ്‌ക്ക് ഒന്നും പറയാന്‍ പറ്റില്ല. വരുമ്പോള്‍ ആലോചിക്കാം. വരട്ടെ” - രണ്‍ജി പണിക്കര്‍ പറയുന്നു.
ഇപ്പോള്‍ ‘ലേലം’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗത്തിന്‍റെ രചനയിലാണ് രണ്‍ജി പണിക്കര്‍. സുരേഷ്ഗോപിയെ നായകനാക്കി രണ്‍ജി തന്നെയാണ് അത് സംവിധാനം ചെയ്യുന്നത്.