ആമിര്‍ഖാന്‍റെ 'നഗ്നത'യും മോഷണമോ? !

Webdunia
തിങ്കള്‍, 4 ഓഗസ്റ്റ് 2014 (14:29 IST)
ആമിര്‍ഖാന്‍ നായകനാകുന്ന 'പി കെ' എന്ന സിനിമ ക്രിസ്മസിനാണ് റിലീസാകുന്നത്. പക്ഷേ ചിത്രം ഇപ്പോള്‍ മുതലേ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ആമിര്‍ഖാന്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ ആണ് ഇതിന് കാരണം. പോസ്റ്റര്‍ വൈറലാകുകയും ഒപ്പം കേസും കൂട്ടവുമായി പുലിവാല് പിടിച്ചിരിക്കുന്നതുമായ സമയമാണ്.

എന്തായാലും ആമിറിന്‍റെ 'നഗ്ന പോസ്റ്റര്‍' വിവാദം അവസാനിക്കുന്നില്ല. ഈ പോസ്റ്റര്‍ കോപ്പിയടിയാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. പോര്‍ച്ചുഗീസ് ഗായകനായ ക്വിം ബാരിറോസിന്‍റെ ഒരു ആല്‍ബത്തിന്‍റെ പോസ്റ്റര്‍ ആമിറും സംഘവും അടിച്ചുമാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പി കെയുടെ പോസ്റ്ററില്‍ ആമിര്‍ഖാന്‍ നഗ്നത മറയ്ക്കുന്നത് ഒരു റേഡിയോ ഉപയോഗിച്ചാണ്. ബാരിറോസിന്‍റെ കൈയില്‍ ഒരു അക്കോര്‍ഡിയനാണെന്ന വ്യത്യാസം മാത്രം.

എന്തായാലും രണ്ട് പോസ്റ്ററുകളും വച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം കൊഴുക്കുകയാണ്. ത്രീ ഇഡിയറ്റ്സ്, മുന്നാഭായ് എം ബി ബി എസ് തുടങ്ങിയ മെഗാഹിറ്റുകള്‍ ഒരുക്കിയ രാജ്കുമാര്‍ ഹിറാനിയാണ് പി കെയുടെ സംവിധായകന്‍.