ബ്ലെസി ‘ആടുജീവിതം’ സിനിമയാക്കുന്നു എന്ന വാര്‍ത്ത വന്നിട്ട് കാലം കുറെയായി. ആ പ്രൊജക്ടില്‍ പൃഥ്വിരാജ് നായകനാകും എന്ന വാര്‍ത്തയ്ക്കും ഏറെ പഴക്കമുണ്ട്. ഇനി എന്നാണ് ഇത് സംഭവിക്കുക എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒരു ഉത്തരം നല്കാന് കഴിയും. ആട് ജീവിതം എന്ന പൃഥ്വിരാജ് ചിത്രം ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തുവരും. കുറച്ച് വൈകുമെന്ന് മാത്രം.
ഈ സിനിമയ്ക്ക് മുമ്പ് ബ്ലെസി മറ്റൊരു ചിത്രം ചെയ്യുന്നു. അതും ബ്ലെസിയുടെ ഏറ്റവും മികച്ച സിനിമയുടെ ഹിന്ദി റീമേക്ക്. ‘തന്മാത്ര’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനാണ് ബ്ലെസി ഇപ്പോള്‍ ഒരുങ്ങുന്നത്.
മോഹന്‍ലാല്‍ അനശ്വരമാക്കിയ നായകകഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്നൊന്നും തീരുമാനമായിട്ടില്ല. ആ കഥാപാത്രത്തെ ആരവതരിപ്പിച്ചാലും അത് മോഹന്‍ലാല്‍ ചെയ്തതുപോലെയാകുമോ എന്ന് മലയാളികള്‍ ആരും പറയുകയും ചെയ്യും.
എന്തായാലും തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഹാംഗോവര്‍ ബ്ലെസിയില്‍ ഇപ്പോഴുമുണ്ട്. അത് ഹിന്ദിയില്‍ ചിത്രീകരിച്ചുകഴിയുമ്പോള് പതിയെ ബ്ലെസിയുടെ മനസില്‍ ആടുജീവിതം തെളിഞ്ഞേക്കാം. അപ്പോള്‍ മലയാളത്തിലെ ക്ലാസിക് കൃതിയുടെ അഭ്രരൂപത്തിന് ജീവന് വയ്ക്കും.