അസിന് സൈനസ്; മീരാ ജാസ്മിന് തൈറോയ്ഡ്

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2009 (17:58 IST)
PRO
മലയാളത്തില്‍ നിന്ന് മറുഭാഷയിലേക്ക് ചേക്കേറിയ രണ്ടു നായികമാര്‍ ശാരീരികാസ്വസ്ഥതകള്‍ കാരണം ബുദ്ധിമുട്ടുന്നു. അസിന് സൈനസാണ് പ്രശ്നമെങ്കില്‍ മീരാ ജാസ്മിന്‍ തൈറോയ്ഡ് രോഗം കാരണമാണ് കുഴപ്പത്തിലായത്. അസിന്‍ ചികിത്സ കഴിഞ്ഞ ആശുപത്രി വിട്ടുകഴിഞ്ഞു. എന്നാല്‍ മീരാ ജാസ്മിന് പ്രശ്നം അല്‍പ്പം രൂക്ഷമാണ്.

കടുത്ത ശരീരക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് മീര ഒരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. ശരീരം തടിക്കുകയും ചെയ്തു. തൈറോയ്ഡാണ് പ്രശ്നമെന്ന് ഡോക്ടര്‍ അറിയിച്ചു, ചികിത്സയും തുടങ്ങി. ചികിത്സ പക്ഷേ അല്‍പ്പം പുലിവാലു പിടിച്ച സംഗതിയായെന്നു പറഞ്ഞാല്‍ മതിയല്ലോ. കണ്ണില്‍ കാണുന്നതും, അപ്പപ്പോള്‍ തോന്നുന്നതും കഴിച്ചു ശീലിച്ച മീരാ ജാസ്മിന് കടുത്ത ഭക്ഷണ നിയന്ത്രണവും പഥ്യവുമാണത്രേ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.

മൂന്നുമാസത്തേക്ക് ഈ പഥ്യം പാലിക്കണം. അതിനു ശേഷം വീണ്ടും ഡോക്ടറെ കാണണം. അപ്പോള്‍ ഡോക്ടര്‍ പറയും ഭക്ഷണ നിയന്ത്രണം തുടരണോ വേണ്ടയോ എന്ന്. എന്തായാലും മീര അഭിനയിക്കുന്ന ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഹാപ്പിയാണെന്നാണ് കോടമ്പാക്കത്തെ സംസാരം. വിലകൂടിയ ഭക്ഷണമൊന്നും മീരയ്ക്ക് കഴിക്കാനാകാത്തതുകൊണ്ട് ആ ചെലവ് കുറഞ്ഞുകിട്ടുമല്ലോ.

പെണ്‍‌ സിങ്കം, ശിവപ്പുമഴൈ, മലയൂര്‍ മമ്പട്ടിയാന്‍, ആദിനാരായണ തുടങ്ങിയ ചിത്രങ്ങളിലാണ് മീരാ ജാസ്മിന്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.