അവാര്‍ഡ് കിട്ടിയെങ്കിലും ആദാമിന്റെ മകന്‍ എത്തില്ല!

Webdunia
ശനി, 21 മെയ് 2011 (16:05 IST)
PRO
PRO
മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ആദാമിന്റെ മകന്‍ അബുവിന്റെ റിലീസിംഗ്‌ കോഴിക്കോട്‌ അവധിക്കാല കോടതി സ്റ്റേ ചെയ്തു. അവാര്‍ഡ്‌ രേഖകളില്‍ നിന്ന്‌ തന്റെ പേര്‌ ഒഴിവാക്കിയെന്ന സഹനിര്‍മ്മാതാവായ അഷ്‌റഫ്‌ ബേധിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഉത്തരവ്‌.

ദേശീയ അവാര്‍ഡ് കമ്മിറ്റിക്ക് നല്‍കിയ രേഖകളില്‍ തന്റെ പേര് ചേര്‍ത്തില്ലെന്ന് അഷ്‌റഫ് പരാ‍തിയില്‍ പറയുന്നു. ഇത് സലിം അഹമ്മദിന്റെയും തന്റെയും സംയുക്തസംരഭമാണ്. പക്ഷേ ഇപ്പോള്‍ മാധ്യമങ്ങളോടടക്കം സലിം പറയുന്നത് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചത് താനാണെന്നാണ്- അഷ്‌റഫ് പരാതിപ്പെടുന്നു.

അതേസമയം ആദാമിന്റെ മകന്‍ അബുവിന്റെ റിലീസ് നടന്‍ മമ്മൂട്ടി ഏറ്റെടുക്കുമെന്ന് സൂചനകള്‍. ചിത്രം റിലീസ് ചെയ്യാന്‍ മമ്മൂട്ടിയുടെ പ്ലേഹൗസ് താത്പര്യം പ്രകടിപ്പിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ സലീം അഹമ്മദാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റുകാര്യങ്ങളെല്ലാം ശരിയാവുകയാണെങ്കില്‍ പ്ലേഹൗസ് തന്നെ ചിത്രം വിതരണം ചെയ്യുമെന്ന് സലീം അഹമ്മദ് പറഞ്ഞു. പ്ലേഹൗസിന് പുറമെ കാസ് കലാസംഘം, വൈശാഖ തുടങ്ങിയ ബാനറുകളും ചിത്രത്തിന്റെ റിലീസിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.