അറ്റ്‌ലീ - വിജയ് ചിത്രത്തില്‍ മമ്മൂട്ടിയും? !

Webdunia
ബുധന്‍, 26 ഒക്‌ടോബര്‍ 2016 (18:34 IST)
‘തെറി’ക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്ന വാര്‍ത്ത മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറ്റ്‌ലീ ആ സിനിമയുടെ തിരക്കഥാരചനയിലാണ്. ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ഭൈരവാ’ എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലീയുടെ സിനിമ ചെയ്യാനാണ് വിജയ് പദ്ധതിയിടുന്നത്.
 
ഈ പ്രൊജക്ടില്‍ മമ്മൂട്ടി അഭിനയിക്കുമെന്ന രീതിയില്‍ കോടമ്പാക്കത്ത് സംസാരമുണ്ട്. 'ജില്ല’ എന്ന ചിത്രം കേരളത്തില്‍ നേടിയ മഹാവിജയത്തില്‍ മോഹന്‍ലാലിന്‍റെ പങ്ക് വലുതാണെന്ന് വിജയ് തിരിച്ചറിയുന്നുണ്ട്. തന്‍റെ അറുപത്തൊന്നാം ചിത്രത്തില്‍ മമ്മൂട്ടിയെ ഒപ്പം കൂട്ടണമെന്ന ആഗ്രഹം വിജയ്ക്കുണ്ടായിരുന്നു.
 
വിജയുടെ അറുപത്തൊന്നാം ചിത്രം ‘തനി ഒരുവന്‍’ ഒരുക്കിയ മോഹന്‍‌രാജ സംവിധാനം ചെയ്യാന്‍ നേരത്തേ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് യാഥാര്‍ത്ഥ്യമായില്ല. ആ ചിത്രത്തിന്‍റെ കഥയില്‍ മമ്മൂട്ടിക്ക് വേണ്ടി ഒരു കഥാപാത്രത്തെ തയ്യാറാക്കിയിരുന്നു. എന്തായാലും പ്രൊജക്ട് മാറുകയും മോഹന്‍‌രാജയുടെ സ്ഥാനത്ത് സംവിധായകനായി അറ്റ്‌ലീ വരുകയും ചെയ്തതോടെ പ്രൊജക്ടില്‍ ആകെ മാറ്റം വന്നിരിക്കുകയാണ്.
 
ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറാണ് അറ്റ്‌ലീ ഒരുക്കുന്നത്. വിജയ്ക്കൊപ്പം അതിശക്തമായ ഒരു കഥാപാത്രം ഈ കഥയിലുമുണ്ടെന്നും അത് മമ്മൂട്ടി ചെയ്യാന്‍ സാധ്യത നിലനില്‍ക്കുന്നു എന്നുമാണ് സൂചനകള്‍.
 
പേരന്‍‌പ് എന്ന ചിത്രത്തിലൂടെ തമിഴില്‍ മടങ്ങിവരവ് നടത്തുന്ന മമ്മൂട്ടി ഒരു ബിഗ് ബജറ്റ് കൊമേഴ്സ്യല്‍ സിനിമയിലൂടെ കൂടുതല്‍ ശക്തമായ മുന്നേറ്റം നടത്തുമോ എന്ന് കോളിവുഡ് ഉറ്റുനോക്കുകയാണ്.
Next Article