അപരിചിതനായ കാര്‍ ഡ്രൈവറും ഭീതിജനകമായ വഴികളും ? ആ രാത്രി ഒരിക്കലും മറക്കാന്‍ കഴിയില്ല - ശ്രിന്റ വ്യക്തമാക്കുന്നു !

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (13:33 IST)
കൊച്ചിയില്‍ മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് സ്ത്രീകളുടെ സുരക്ഷിതത്വം മലയാള സിനിമയിലും പുറത്തും ഏറെ ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങിയത്. യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പല നടിമാരും മുമ്പ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ 1983, ആട് ഒരു ഭീകര ജീവി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രിന്റ അര്‍ഷാബും തനിക്ക് നേരിട്ട് ഒരു അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു.
 
ശ്രിന്റ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ റോള്‍ മോഡല്‍സിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനായ ഗോവയിലേക്ക് പോകുമ്പോളാണ് സംഭവം. അര്‍ദ്ധരാത്രിയോടെയായിരുന്നു അവര്‍ ഗോവ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. അവിടെ നിന്നും ഒരു ടാക്‌സി വിളിച്ചായിരുന്നു ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയത്. വളരെ അപരിചിതമായ ഒരു സാഹചര്യമായിരുന്നു അവിടെ. അപരിചിതമായ വഴികള്‍, അപരിചിതനായ കാര്‍ ഡ്രൈവര്‍, മൊബൈല്‍ ഫോണില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ചാര്‍ജ്ജ്, എല്ലാംകൊണ്ടും പ്രതികൂലമായ അന്തരീക്ഷം.
 
അന്നത്തെ ആ രാത്രിയില്‍ അശുഭകരമായ കാര്യങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമായിരുന്നു അതെന്ന് ശ്രിന്റ പറയുന്നു. ആ രാത്രിയില്‍ തനിക്ക് പല തിരച്ചറിവുകളുണ്ടായി. എല്ലാ പെണ്‍കുട്ടികളും സ്വയം പ്രതിരോധത്തിനുള്ള കഴിവ് നേടണമെന്ന് ലോകത്തോട് തന്നെ ഉറക്കെ വിളിച്ച് പറയാന്‍ ആ ദിവസത്തെ രാത്രിയില്‍ തനിക്ക് തോന്നിയെന്നും നടി പറയുന്നു.
 
മോഹന്‍ലാല്‍ നായകനായ ചൈന ടൗണ്‍ എന്ന ചിത്രത്തില്‍ റാഫി മെക്കാര്‍ട്ടിന്മാരുടെ അസിസ്റ്റന്റായിട്ടായിരുന്നു ശ്രിന്റയുടെ സിനിമാ പ്രവേശനം. പിന്നീടാണ് ശ്രിന്റ അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. അന്നയും റെസൂലും, 1983 എന്നീ ചിത്രങ്ങളായിരുന്നു ശ്രിന്റയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. വേഷം എത്ര ചെറുതാണെങ്കിലും അതില്‍ തന്റെ കൈയൊപ്പ് ചാര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും ചെറുതാണെന്ന പേരില്‍ ഒരു കഥാപാത്രവും താന്‍ വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് ശ്രിന്റ പറയുന്നു.
 
റോള്‍ മോഡല്‍സില്‍ ഒരു ടോം ബോയ് കഥാപാത്രമായാണ് ശ്രിന്റ എത്തുന്നത്. ജീവിതത്തില്‍ ടോം ബോയ് ശൈലിയോട് താല്പര്യമില്ലെന്നും നടി പറയുന്നു. ഈദിനാണ് റോള്‍ മോഡല്‍‌സ് തിയറ്ററുകളിലെത്തുക. നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ബിജു മേനോന്‍ ചിത്രം ഷെര്‍ലക് ടോംസ്, സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്നിവയാണ് ശ്രിന്റയുടെ പുറത്തിറങ്ങാനുള്ള സിനിമകള്‍.
Next Article