അടുത്ത 'രാജാ' വിജയ്, റാണി ആരാകും?

Webdunia
ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (13:58 IST)
'രാജാ റാണി' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ അറ്റ്‌ലീ ഒരുക്കുന്ന അടുത്ത ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇളയദളപതി വിജയ് ഈ സിനിമയില്‍ നായകനാകും. കഴിഞ്ഞ കുറച്ചുമാസങ്ങളായി അറ്റ്‌ലീ ചിത്രത്തിന്‍റെ തിരക്കഥാ രചനയിലായിരുന്നു. 
 
തിരക്കഥ ഏറെ ഇഷ്ടമായതോടെ വിജയ് ചിത്രത്തിന് ഗ്രീന്‍ സിഗ്നല്‍ നല്‍കി. തിരക്കഥയില്‍ ചെറിയ ചില നിര്‍ദ്ദേശങ്ങളും വിജയ് വച്ചതായി റിപ്പോര്‍ട്ടുണ്ട്. തുപ്പാക്കി ഉള്‍പ്പടെയുള്ള വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാവായ കലൈപ്പുലി എസ് താണു ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
നായകനെ തീരുമാനിച്ചെങ്കിലും അറ്റ്‌ലീ തന്‍റെ പുതിയ ചിത്രത്തിലെ നായികയെ ഇനിയും നിശ്ചയിച്ചിട്ടില്ല. രാജാ റാണിയില്‍ നയന്‍‌താരയും നസ്രിയയുമായിരുന്നു നായികമാര്‍. നയന്‍‌താര ഈ സിനിമയിലും നായികയാകുമെന്ന് സൂചനയുണ്ട്.
 
ചിമ്പുദേവന്‍ ഒരുക്കുന്ന ഫാന്‍റസി കോമഡിച്ചിത്രത്തിന് ശേഷം വിജയ് അറ്റ്‌ലീയുടെ സിനിമയില്‍ അഭിനയിച്ചുതുടങ്ങും. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത 'കത്തി' ആണ് അടുത്തതായി പ്രദര്‍ശനത്തിനെത്തുന്ന വിജയ് ചിത്രം.