ഷീ ടാക്സി എന്ന പദ്ധതി തിരുവനന്തപുരത്തും കൊച്ചിയിലും വലിയ വിജയമാണ്. വനിതാ ഡ്രൈവര്‍മാര്‍ വന്നതോടെ സ്ത്രീ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ് ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ഇനി കോഴിക്കോട്ടാണ് ഷീ ടാക്സി സംവിധാനം ആരംഭിക്കാന്‍ പോകുന്നത്.
അതേസമയം, സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഷീ ടാക്സി' എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഷീ ടാക്സി എന്ന സിനിമയില്‍ കാവ്യാ മാധവന്‍ ആണ് നായികയാകുന്നത്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. അനൂപിന്‍റെ നായികയായി ആദ്യമായാണ് കാവ്യ അഭിനയിക്കുന്നത്.
ടാക്സി ഡ്രൈവറായാണ് കാവ്യ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പൂര്‍ണമായും ഒരു റോഡ് മൂവിയാണ് ഷീ ടാക്സി. കോളജ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുമായി ഒരു ദീര്‍ഘദൂര ഓട്ടം പോകുകയാണ് കാവ്യാ മാധവന്‍. ഇവര്‍ മാര്‍ഗമധ്യേ, മറ്റൊരു യാത്രാസംഘവുമായി പരിചയപ്പെടാനുള്ള സാഹചര്യമുണ്ടാകുന്നു. അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, പി ബാലചന്ദ്രന്‍, നോബി എന്നിവരാണ് ഈ സംഘത്തിലുള്ളത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം അനില്‍ നായര്‍. സംഗീതം ബിജിബാല്‍.