ശങ്കറിനെ പുറത്തിരുത്തുമോ ?; പന്ത് വന്നാല്‍ കളി മാറും - കോഹ്‌ലിയുടെ മനസിലിരുപ്പ് എന്ത് ?
ബുധന്‍, 26 ജൂണ്‍ 2019 (16:31 IST)
ആദ്യ മൂന്ന് കളികളിലെ ആധികാരിക ജയത്തിനു ശേഷം അഫ്ഗാനിസ്ഥാനെതിരെ പോരടിച്ച് ജയിച്ച വിരാട് കോഹ്‌ലിയും സംഘവും ഇനിയിറങ്ങുന്നത് വെസ്‌റ്റ് ഇന്‍ഡീസിനെതിരെയാണ്. സെമിയിലേക്കുള്ള അകലം കുറയ്‌ക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.
വിന്‍ഡീസിനെ നേരിടാനിറങ്ങുമ്പോള്‍ പലതും തെളിയിക്കേണ്ടതുണ്ട് ടീമിന്. അഫ്‌ഗാനെതിരെ പാളിയ ബാറ്റിംഗ് നിര ഫോമിലെത്തണം. ഓപ്പണര്‍മാര്‍ വലിയ സ്‌കോര്‍ കണ്ടെത്തണം. മധ്യനിര കരുത്ത് പുറത്തെടുക്കണം എന്നീ പലവിധ ആശങ്കകള്‍ക്ക് പരിഹാരം കാണണം.
എന്നാല്‍, കോഹ്‌ലിയെ അലട്ടുന്ന പ്രധാന പ്രശ്‌നം നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനാണ്. കഴിഞ്ഞ മത്സരങ്ങളില്‍ അവസരം ലഭിച്ച വിജയ് ശങ്കര്‍ക്ക് പകരം ഋഷഭ് പന്തിന് നാലാം നമ്പറില്‍ എത്തുമോ എന്ന സംശയമാണ് നിലവിലുള്ളത്. ശങ്കറിന് പകരം പന്ത് ടീമില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാറ്റിംഗില്‍ ശരാശരി പ്രകടനം മാത്രം നടത്തുന്നതും മെല്ലപ്പോക്കുമാണ് ശങ്കറിന് വിനയാകുന്നത്. ബോളര്‍മാരെ നേരിടുമ്പോള്‍ ആശയക്കുഴപ്പവുമുണ്ട്. ഷോട്ട് സെലക്ഷനിലെ വീഴ്‌ചകളും സ്‌പിന്നര്‍മാരെ നേരിടുമ്പോഴുള്ള ടൈമിംഗും താരത്തിന്റെ ബാറ്റിംഗിനെ ബാധിക്കുന്നുണ്ട്.
പാകിസ്ഥാനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും അഫ്‌ഗാനെതിരായ നിര്‍ണായക മത്സരത്തില്‍ ശങ്കറിന് പന്ത് നല്‍കാന്‍ കോഹ്‌ലിക്ക് ധൈര്യമുണ്ടായില്ല. ബുമ്ര, ഷമി, പാണ്ഡ്യ, കുല്‍ദീപ്, ചാഹല്‍ എന്നീ ബോളര്‍മാരുള്ളപ്പോള്‍ ശങ്കറിന്റെ സേവനം നഷ്‌ടമായാലും പ്രശ്‌നമാകില്ല. ആവശ്യമെങ്കില്‍ ജാദവിന് പന്ത് നല്‍കുകയും ചെയ്യാം. ഈ സാഹചര്യത്തിലാണ് വമ്പനടിക്കാരനായ പന്തിനെ കോഹ്‌ലി ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന സംശയം തുടരുന്നത്. ഋഷഭ് വന്നാല്‍ ബാറ്റിംഗ് ഓര്‍ഡര്‍ കൂടുതല്‍ ശക്തമാകുമെന്നതും ഗുണകരമാണ്.