ദൃശ്യം 2 തരംഗമാകുമ്പോഴും ചിത്രത്തേക്കുറിച്ചുള്ള വിമര്‍ശനങ്ങളും സജീവമാണ്. ആ വിമര്‍ശനങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തിന്‍റെ ഓവര്‍ മേക്കപ്പ്. ഒരു നാട്ടിന്‍പുറത്തുകാരി വീട്ടമ്മയ്‌ക്ക് ചേരുന്ന മേക്കപ്പല്ല മീന ചിത്രത്തില്‍ ഉപയോഗിച്ചതെന്നാണ് വിമര്‍ശനം. ദൃശ്യം ഒന്നാം ഭാഗത്തിലും ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ വിമര്‍ശനം സംവിധായകന്‍ ജീത്തു ജോസഫും അംഗീകരിക്കുകയാണ്. “ഞാന്‍ അത് 100 ശതമാനം അംഗീകരിക്കുന്നു. ഞങ്ങള്‍ പലതവണ മീനയോട് പറഞ്ഞതാണ്, ചില കാര്യങ്ങള്‍ കുറയ്‌ക്കണം എന്ന്. ഞാന്‍ അത് പറയുമ്പോള്‍ അവര്‍ അസ്വസ്ഥയാകാന്‍ തുടങ്ങി. എനിക്ക് അവരില്‍ നിന്ന് നല്ല റിയാക്ഷന്‍സ് ആണ് വേണ്ടത്. എന്‍റെ സിനിമയിലെ ആര്‍ട്ടിസ്റ്റുകള്‍ അസ്വസ്ഥരാകാതെ ഞാന്‍ ശ്രദ്ധിക്കും. പക്ഷേ അത് അവര്‍ക്ക് മനസിലാകുന്നില്ല” - മനോരമയ്‌ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നു.
"ദൃശ്യത്തിന്‍റെ ആദ്യഭാഗത്തും ഇങ്ങനെയൊരു വിമര്‍ശനമുണ്ട്, അതുകൊണ്ട് ഒന്ന് ശ്രദ്ധിക്കണമെന്ന് തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെ ചെയ്‌ത് ശീലിച്ചുവന്നതുകൊണ്ടായിരിക്കാം, അത് മനസിലാകുന്നില്ല. അത് മീന മനസിലാക്കണം. ഒരു ഡയറക്‍ടര്‍ എന്ന നിലയില്‍ ചെയ്‌തത് ശരിയാണോ തെറ്റാണോ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ചിലപ്പോള്‍ തെറ്റായിരിക്കാം, അത് ഓരോരുത്തരുടെ രീതിയാണ്. ചിലരതങ്ങ് വിട്ടുകൊടുക്കും” - ജീത്തു പറയുന്നു.