വോട്ട്‌ ചെയ്യാന്‍ ഭായിമാരും അണ്ണന്മാരും മടങ്ങുന്നു

Webdunia
ഞായര്‍, 6 ഏപ്രില്‍ 2014 (18:29 IST)
PRO
ലോക്‍സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക്‌ പോകാന്‍ ഒരുങ്ങുന്നു. ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌, അസം, മണിപ്പുര്‍, തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള 23 ലക്ഷം വരുന്ന 'ഭായിമാരും അണ്ണന്മാരു'മാണ്‌ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കേരളം വിടാന്‍ തയ്യാറെടുക്കുന്നത്‌.

പല ജില്ലകളിലായി ലക്ഷകണക്കിന്‌ തൊഴിലാളികളാണ്‌ കെട്ടിട നിര്‍മാണരംഗം, ഹോട്ടലുകള്‍ മുതല്‍ പെട്രോള്‍ ബങ്കുകളില്‍ വരെയുള്ള തൊഴില്‍ രംഗങ്ങളില്‍ പണിയെടുക്കുന്നത്‌. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്‌ കൂടുതല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത്‌.

നാട്ടില്‍ തെരഞ്ഞെടുപ്പാണെന്നു പോലും ഇവരില്‍ പലര്‍ക്കും അറിയില്ല. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ്‌ പലരും നാട്ടില്‍ പോകുന്നത്‌. വോട്ടുചെയ്യാന്‍ അവധിയുമെടുത്ത്‌ പണവും ചെലവാക്കി നാട്ടിലേക്കു പോകാന്‍ പലര്‍ക്കും മടിയാണ്‌. കുറേ ദിവസത്തെ അവധിയും കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ ജോലി നഷ്ടപ്പെടുമെന്നും പേടിയുള്ളതായി തൊഴിലാളിയായ ബീഹാര്‍ സ്വദേശി പറയുന്നു.

പോലീസ്‌ കണക്ക്‌ പ്രകാരം സംസ്ഥാനത്ത്‌ 1,05,147 അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്‌. എന്നാല്‍ 20,880 കുടുംബങ്ങളിലായി 1,70,166 പേരുള്ളതായാണ്‌ ആരോഗ്യവകുപ്പിന്റെ കണക്ക്‌. എറണാകുളത്താണ്‌ കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികളുള്ളത്‌ 20,973 പേര്‍.

ഇതില്‍ 11,529 പേര്‍ എറണാകുളം റൂറലിലും 9,444 പേര്‍ നഗരത്തിലുമാണ്‌. കോട്ടയമാണ്‌ രണ്ടാംസ്ഥാനത്ത്‌. ഇവിടെയുള്ളത്‌ 16,351 പേരാണ്‌. മൂന്നാംസ്ഥാനത്തുള്ള തൃശൂരില്‍ 12,019 പേരുമുണ്ട്‌. ഇതില്‍ 6,819 പേര്‍ തൃശൂര്‍ റൂറലിലും 5,200 പേര്‍ നഗരത്തിലുമാണ്‌.

നാലാംസ്ഥാനത്തുള്ള തിരുവനന്തപുരത്ത്‌ 9,919 പേരാണുള്ളത്‌. മറ്റ്‌ ജില്ലകളിലെ കണക്ക്‌: കോഴിക്കോട്ട്‌ 7351, കൊല്ലം5502, പത്തനംതിട്ട 4,575, ആലപ്പുഴ 3,427, ഇടുക്കി 1,472, പാലക്കാട്‌ 5,454, മലപ്പുറം 6,012, വയനാട്‌ 1,543, കണ്ണൂര്‍ 6,758, കാസര്‍കോട്‌ 3,791.